കണ്ണുരോഗം പടർന്നുപിടിക്കുന്നു, 56,000 സ്കൂളുകൾ അടച്ചു: ഇവയാണ് പ്രധാന രോഗലക്ഷങ്ങൾ

Thursday 28 September 2023 11:08 AM IST

കറാച്ചി: പാകിസ്ഥാനിൽ കണ്ണുരോഗം പടർന്ന് പിടിച്ചതോടെ സ്കൂളുകൾ വ്യാപകമായി അടയ്ക്കുന്നു. ഇതുവരെ 56,000ത്തിലധികം സ്കൂളുകളാണ് അടച്ചിട്ടത്. രോഗ വ്യാപനത്തിന്റെ തോത് കണക്കിലെടുത്തശേഷമാവും മറ്റുസ്കൂളുകൾ അടച്ചിടണോ എന്ന കാര്യത്തിൽ തീരുമാനമെടുക്കൂ. രോഗ വ്യാപനം കുറയ്ക്കാനായി പഞ്ചാബ് പ്രവിശ്യയിലാണ് കൂടുതൽ സ്കൂളുകൾ അടച്ചുപൂട്ടിയത്. പാകിസ്ഥാനിലെ ഏറ്റവുംകൂടുതൽ ജനസംഖ്യയുള്ള പ്രവിശ്യയാണ് പഞ്ചാബ്. നൂറുകണക്കിന് പേർക്കാണ് ഇവിടെ ഇതിനകം രോഗം ബാധിച്ചത്.

അതിവേഗമാണ് അണുബാധ പടർന്നുപിടിക്കുന്നത്. കണ്ണുകളിൽ ചുവപ്പുനിറം, അസഹ്യമായ ചൊറിച്ചിൽ, കട്ടിക്ക് പഴുപ്പുവരിക തുടങ്ങി ചെങ്കണ്ണിന് സമാന ലക്ഷണങ്ങളാണ് ഇതിനും ഉള്ളത്. രോഗിയെയോ അയാൾ ഉപയോഗിച്ച വസ്തുക്കൾ സ്പർശിക്കുകയോ ചെയ്യുന്നതിലൂടെയും ചുമ, തുമ്മൽ എന്നിവയിലൂടെയും രോഗം പടർന്നുപിടിക്കും എന്നാണ് ആരോഗ്യ വിദഗ്ദ്ധർ പറയുന്നത്. കുട്ടികളെയും മുതിർന്നവരെയും ഒരുപോലെ രോഗം ബാധിക്കുകയാണ്. എന്നാൽ ഈ രോഗം ബാധിച്ച് ആർക്കും കാഴ്ചശക്തി നഷ്ടമായതായി റിപ്പോർട്ടില്ല.

പാകിസ്ഥാനിൽ ഇപ്പോൾ പൊതുഅവധിയാണ്. ഇത് രോഗം പടരുന്നത് അല്പമൊന്ന് കുറച്ചിട്ടുണ്ട്. അവധി കഴിഞ്ഞ് തിങ്കളാഴ്ച ഓഫീസുകളും സ്കൂളുകളും പ്രവർത്തിച്ചുതുടങ്ങും. സ്കൂൾ ഗേറ്റിൽ കുട്ടികളെ പരിശോധിച്ചശേഷം രോഗലക്ഷണങ്ങൾ ഉള്ളവരെ തിരിച്ചയയ്ക്കാനാണ് തീരുമാനം.