‌താരങ്ങളുടെ പേരിലല്ലാതെ സംവിധായകന്റെ പേരിൽ ഒരു സിനിമ വലിയ വിജയവും ചർച്ചയുമാക്കി; ജൂഡിനെ അഭിനന്ദിച്ച് വിനയൻ

Thursday 28 September 2023 11:15 AM IST

വിദേശ ചിത്രത്തിനുള്ള ഓസ്‌കാർ മത്സരത്തിലേക്ക് ഇന്ത്യയുടെ ഔദ്യോഗിക എൻട്രിയായി '2018 എവരിവൺ ഈസ് എ ഹീറോ' തിരഞ്ഞെടുക്കപ്പെട്ടതിന് പിന്നാലെ സംവിധായകൻ ജൂഡ് ആന്റണിയെ അഭിനന്ദിച്ച് വിനയൻ. പ്രതിസന്ധികളെല്ലാം തരണം ചെയ്ത് തന്റെ സൃഷ്ടി പൂർത്തിയാക്കി തീയറ്ററിൽ എത്തിക്കാനുള്ള ഒരു ഫിലിം മേക്കറിന്റെ നിശ്ചയദാർഢ്യം ഏറെ അഭിനന്ദനീയമാണെന്ന് അദ്ദേഹം പ്രതികരിച്ചു.

താരങ്ങളുടെ പേരിലല്ലാതെ സംവിധായകന്റെ പേരിൽ ഒരു സിനിമ വലിയ വിജയവും ചർച്ചയുമാക്കി എന്നതാണ് ജൂഡ് ആന്റണിക്കു വേണ്ടി ഇങ്ങനൊരു അഭിനന്ദനക്കുറിപ്പ് എഴുതാൻ തന്നെ പ്രേരിപ്പിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി. ഫേസ്ബുക്ക് കുറിപ്പിലൂടെയായിരുന്നു വിനയന്റെ പ്രതികരണം.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം

ജൂഡ് ആന്റണിയ്ക് അഭിനന്ദനങ്ങൾ

ജൂഡിന്റെ സിനിമ "2018" ഓസ്കാർ അവാർഡിനായുള്ള ഇന്ത്യയുടെ ഔദ്യോഗിക എൻട്രിയായി സെലക്ട് ചെയ്തതിൽ ഏറെ സന്തോഷമുണ്ട്..

കാലാവസ്ഥാ വ്യതിയാനം മുലമുള്ള ദുരന്തങ്ങളെപ്പറ്റി ലോകം ഗൗരവതരമായി ചിന്തിക്കുന്ന ഈ കാലഘട്ടത്തിൽ 2018 ലെ പ്രളയത്തെ പറ്റി ഭംഗിയായി പറഞ്ഞ ഈ ചിത്രം ഓസ്‌കാറിലും ശ്രദ്ധിക്കപ്പെടുമെന്നു നമുക്കു പ്രത്യാശിക്കാം..

എത്ര പ്രതിസന്ധി ഉണ്ടായാലും അതിനെയെല്ലാം തരണം ചെയ്ത് തന്റെ സൃഷ്ടി പൂർത്തിയാക്കി തീയറ്ററിൽ എത്തിക്കാനുള്ള ഒരു ഫിലിം മേക്കറിൻെറ നിശ്ചയദാർഢ്യം ഏറെ അഭിനന്ദനീയം ആണ്..

അതിന് ജൂഡിനൊപ്പം നിന്ന നിർമ്മാതാക്കളായ ആന്റോ ജോസഫിനും വേണു കുന്നപ്പള്ളിയ്കും അഭിനന്ദനങ്ങൾ..

2018ന്റെ മുഴുവൻ ടീം അംഗങ്ങളും ഈ അഭിനന്ദനം അർഹിക്കുന്നു..

താരങ്ങളുടെ പേരിലല്ലാതെ സംവിധായകന്റെ പേരിൽ ഒരു സിനിമ വലിയ വിജയവും ചർച്ചയുമാക്കി എന്നതാണ് ജൂഡ് ആന്റണിക്കു വേണ്ടി ഇങ്ങനൊരു അഭിനന്ദനക്കുറിപ്പ് എഴുതാൻ എന്നെ പ്രേരിപ്പിച്ചത്..