വേൾഡ് യൂണിവേഴ്സിറ്റി റാങ്കിംഗ്; ഇത്തവണ ഇടംനേടിയത് 91 ഇന്ത്യൻ വിദ്യാഭ്യാസ സ്ഥാപനങ്ങൾ, മലയാളികൾക്കും സന്തോഷിക്കാൻ വകയുണ്ട്‌

Thursday 28 September 2023 12:27 PM IST

ന്യൂഡൽഹി: 2024ലെ വേൾഡ് യൂണിവേഴ്സിറ്റി റാങ്കിംഗ് പട്ടികയിൽ ഇത്തവണ ഇടംപിടിച്ചത് 91 ഇന്ത്യൻ സർവകലാശാലകൾ. യു കെ ആസ്ഥാനമായി പ്രവർത്തിക്കുന്ന ടൈംസ് ഹയർ എജ്യുക്കേഷൻ (ടിഎച്ച്ഇ) മാഗസിൻ ആണ് പട്ടിക പുറത്തുവിട്ടിരിക്കുന്നത്.

ഇന്ത്യയിൽ നിന്നുള്ള ഏറ്റവും മികച്ച വിദ്യാഭ്യാസ സ്ഥാപനമായി ബംഗളൂവിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് സയൻസിനെ തിരഞ്ഞെടുത്തു. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് രാജ്യം ഇത്തവണ റാങ്കിംഗ് മെച്ചപ്പെടുത്തി. 75 വിദ്യാഭ്യാസ സ്ഥാപനങ്ങൾ മാത്രമായിരുന്നു കഴിഞ്ഞ തവണ പട്ടികയിൽ ഇടംപിടിച്ചത്. ഇതോടെ 2024ലെ ലോക സർവകലാശാല റാങ്കിംഗിൽ ഏറ്റവും മികച്ച നാലാമത്തെ രാജ്യമായി ഇന്ത്യ മാറുകയും ചെയ്തു. കഴിഞ്ഞ വർഷം ആറാം സ്ഥാനത്തായിരുന്നു.

അണ്ണാ യൂണിവേഴ്സിറ്റി, ജാമിയ മില്ലിയ ഇസ്ലാമിയ, മഹാത്മാഗാന്ധി യൂണിവേഴ്സിറ്റി, ശൂലിനി യൂണിവേഴ്സിറ്റി ഒഫ് ബയോടെക്‌നോളജി ആൻഡ് മാനേജ്‌മെന്റ് സയൻസസ് എന്നിവയാണ് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് സയൻസിന് തൊട്ടുപിന്നിലുള്ളത്. അതേസമയം, മഹാത്മാഗാന്ധി യൂണിവേഴ്സിറ്റ് കോട്ടയത്തേത് തന്നെയാണോയെന്ന കാര്യത്തിൽ വ്യക്തതയില്ല. എന്നിരുന്നാലും നിരവധി മലയാളി വിദ്യാർത്ഥികൾ പഠിക്കുന്ന അണ്ണാ യൂണിവേഴ്സിറ്റി പട്ടികയിൽ രണ്ടാം സ്ഥാനത്തെത്തിയതിൽ മലയാളികൾക്കും സന്തോഷിക്കാം.

തുടർച്ചയായ നാലാം വർഷവും ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ടെക്‌നോളജി (ഐഐടി) റാങ്കിംഗ് പട്ടികയിൽ ഇടംപിടിക്കാത്തതിനെതിരെ വിമർശനം ഉയരുന്നുണ്ട്. റാങ്കിംഗിന്റെ സുതാര്യതയിലും നിലവാരത്തിലും സംശയം ജനിപ്പിച്ചിക്കുന്നതാണിതെന്നാണ് വിമർശനം,