ഇറക്കുമതി ചെയ്ത ചീ​റ്റകൾ ചത്തൊടുങ്ങിയതിന് കാരണം 'വിന്റർ കോട്ട്', വടക്കൻ ആഫ്രിക്കയിൽ നിന്നും ചീ​റ്റകളെ ഇറക്കാൻ പദ്ധതിയൊരുക്കി ഇന്ത്യ

Thursday 28 September 2023 12:30 PM IST

ന്യൂഡൽഹി: വടക്കൻ ആഫ്രിക്കയിൽ നിന്നും ചീ​റ്റകളെ ഇറക്കുമതി ചെയ്യാൻ പദ്ധതിയിട്ട് ഇന്ത്യ. നമീബിയയിൽ നിന്നും ദക്ഷിണാഫ്രിക്കയിൽ നിന്നും ഇറക്കുമതി ചെയ്ത ചീ​റ്റകൾ വ്യാപകമായി ചാകുന്നതിന്റെ പശ്ചാത്തലത്തിലാണ് ഈ നീക്കം. ഇറക്കുമതി ചെയ്ത ചീറ്റകൾ ചാകുന്നത് വിന്റർ കോട്ട് (ശൈത്യകാലങ്ങളിൽ മ‌ൃഗങ്ങളുടെ ത്വക്കിലും രോമങ്ങളിലും രൂപപ്പെടുന്ന സംരക്ഷണ കവചം) രൂപപ്പെടുത്താനുളള ശേഷി കുറഞ്ഞത് കൊണ്ടാണ്. കഴിഞ്ഞ ദിവസമാണ് അധികൃതർ അറിയിച്ചത്.


ഇന്ത്യയിൽ ഇറക്കുമതി ചെയ്ത ചീ​റ്റകളെ കൈകാര്യം ചെയ്യുന്നതിൽ വെല്ലുവിളികൾ നേരിട്ടിരുന്നു.ആഫ്രിക്കയിൽ ശൈത്യകാലം ജൂൺ മുതൽ സെപ്തംബർ വരെയാണ്. എന്നാൽ ഇന്ത്യയിൽ ഇറക്കുമതി ചെയ്ത ചീ​റ്റകൾക്ക് മൺസൂൺ സമയങ്ങളിലും വേനൽക്കാലങ്ങളിലും വിന്റർ കോട്ട് വികസിപ്പിക്കാനുളള ശേഷി കുറവാണെന്നും അധികൃതർ പറഞ്ഞു. എന്നാൽ ആഫ്രിക്കൻ വിദഗ്ധർ പോലും ഇത് പ്രതീക്ഷിച്ചിരുന്നില്ലെന്ന് മുതിർന്ന വനം വകുപ്പ് ഉദ്യോഗസ്ഥൻ പറഞ്ഞു.

ഈ അവസ്ഥയിൽ ചീ​റ്റകൾക്ക് ബാക്ടീരിയ അണുബാധ മൂലം ശരീരത്തിൽ ചൊറിച്ചിലും മുറിവുകളും ഉണ്ടാകാൻ സാദ്ധ്യതയേറെയാണ്. വടക്കൻ ആഫ്രിക്കയിലെ ചീ​റ്റകൾക്ക് ഇന്ത്യൻ കാലാവസ്ഥയിൽ അതിജീവിക്കാൻ കഴിയുമെന്നാണ് വിദഗ്ധരുടെ കണ്ടെത്തൽ.


ഇംഗ്ലണ്ടും അമേരിക്കയും വടക്കൻ ആഫ്രിക്കയിൽ നിന്നും ചീ​റ്റകളെ ഇറക്കുമതി ചെയ്തിട്ടുണ്ടെന്നും ഇന്ത്യയ്ക്കും ശുപാർശ ചെയ്തിട്ടുണ്ടെന്നും വനം വകുപ്പ് അധികൃതർ അറിയിച്ചു. ഭാവിയിൽ വടക്കൻ ആഫ്രിക്കയിൽ നിന്നും ചീ​റ്റകളെ ഇറക്കുമതി ചെയ്യുന്ന കാര്യം ചർച്ചചെയ്യുമെന്നും ഇപ്പോൾ ദക്ഷിണാഫ്രിക്കയിൽ നിന്നും അടുത്ത ചീ​റ്റകൾ എത്തുമെന്നും പരിസിഥിതി മന്ത്രാലയത്തിന്റെ അഡീഷണൽ ഡയറക്ടർ ജനറലും ചീ​റ്റ പദ്ധതിയുടെ തലവനുമായ എസ് പി യാദവ് അറിയിച്ചു. ശീതകാല കോട്ട് രൂപപ്പെടുത്താൻ ശേഷി കുറഞ്ഞ ചീ​റ്റകളാണ് പെട്ടെന്ന് ചത്തതെന്നും അദ്ദേഹം പറഞ്ഞു.

നിലവിൽ മൂന്ന് ചീ​റ്റകൾ ചത്തു. ഇതിനെ തുടന്നാണ് ബാക്കിയുളള ചീ​റ്റകളെ പിടികൂടി നിരീക്ഷണത്തിന് വിധേയമാക്കിയത്. കൂനോയിൽ ഉളള എല്ലാ ചീ​റ്റകളും നിരീക്ഷണത്തിലാണെന്നും അവയെ ഉടൻ തന്നെ കാട്ടിലേക്ക് തുറന്നുവിടുമെന്നും മറ്റൊരു ഉദ്യോഗസ്ഥൻ വ്യക്തമാക്കി.

പണ്ടുകാലത്ത് വടക്കൻ ആഫ്രിക്കയിൽ ജനസംഖ്യ കുറവായിരുന്നു. അങ്ങനെയാണ് ചീ​റ്റകൾക്ക് വംശനാശം സംഭവിച്ചത് എന്നാണ് കണക്ക് കൂട്ടൽ. നിലവിൽ വടക്കൻ ആഫ്രിക്കയിലുളള ചീറ്റകളുടെ എണ്ണം കുറവാണ്. അവയെ പ്രധാനമായും നാഷണൽ പാർക്കുകളിലായാണ് സംരക്ഷിച്ചുവരുന്നത്.

ഈജിപ്ത്,മാലി,അൾജീരിയ,നൈജീരിയ എന്നീ രാജ്യങ്ങളിലുമുളള ചീ​റ്റകളുടെ എണ്ണം കുറവാണ്. ചീ​റ്റകളെ സംരക്ഷിക്കുന്ന പദ്ധതിയുടെ ഒന്നാം വാർഷികം ഇന്ത്യ ഈ മാസം 17ന് ആഘോഷിച്ചിരുന്നു.നമീബിയയിൽ നിന്നും കൊണ്ടുവന്ന ചീ​റ്റകളെ മദ്ധ്യപ്രദേശിലെ കുനോ ദേശീയ ഉദ്യാനത്തിൽ പ്രധാന മന്ത്രി നരേന്ദ്രമോദി തുറന്നുവിട്ടതോടെയാണ് പദ്ധതിക്ക് തുടക്കം കുറിച്ചത്.

നമീബിയയിൽ നിന്നും ദക്ഷിണാഫ്രിക്കയിൽ നിന്നും രണ്ട് ഘട്ടങ്ങളിലായി 20 ചീ​റ്റകളെയാണ് കഴിഞ്ഞ വർഷം സെപ്തംബർ,ഫെബ്രുവരി മാസങ്ങളിലായി ഇന്ത്യയിൽ എത്തിച്ചത്. മാർച്ച് മുതലാണ് ഇവയിൽ ആറ് ചീ​റ്റകൾ ചത്തത്. നമീബിയൻ ചീ​റ്റയ്ക്ക് പിറന്ന നാല് കുഞ്ഞുങ്ങളിൽ മൂന്നെണ്ണം ചൂടുകാരണം മെയ് മാസത്തിൽ ചത്തുപോയിരുന്നു. ഒന്നിനെ ഇപ്പോൾ പ്രത്യേക സംരക്ഷണത്തിലാണ് വളർത്തി വരുന്നത്.