ഈ സന്ദേശം നിങ്ങളെ തേടിയും വന്നേക്കാം, ചുമ്മാ ലിങ്കിൽ കേറി ക്ലിക്കേണ്ട: കാസർകോടുള്ളവ‌ർക്ക് നഷ്ടമായത് ലക്ഷങ്ങൾ

Thursday 28 September 2023 1:47 PM IST

കാസർകോട് : ഓൺലൈൻ പാർടൈം ജോലി വാഗ്ദാനത്തിലൂടെ തട്ടിപ്പിനിരയായി കാസർകോട് കളനാട് ചെമ്പിരിക്ക കുഞ്ഞിവീട്ടിൽ പി.ശിവദർശനയും ദേലമ്പാടി മയ്യളയിലെ റഷീദ് മൻസിലിൽ മുഹമ്മദ് റഷീദും. ഗൂഗിൾ മാപ് റിവ്യു ചെയ്യുന്ന ജോലി വാഗ്ദാനം ചെയ്ത് വിവിധ ടാസ്കുകൾ നൽകി ശിവദർശനയിൽ നിന്ന് അഞ്ചുലക്ഷവും കപ്പലിൽ ജോലി വാഗ്ദാനം ചെയ്ത് റഷീദിൽ നിന്ന് വിവിധ നടപടികളുടെ പേരിൽ ഒരു ലക്ഷം രൂപയുമാണ് തട്ടിയത്. ഇരുവരും പൊലീസിൽ പരാതി നൽകിയിട്ടുണ്ട്.

പാർടൈം ജോലിക്കുള്ള പ്രീപെയ്ഡ് ടാസ്‌കിന്റെ പേരിൽ വിവിധ അക്കൗണ്ടുകളിലേക്കും യു.പി.ഐ. ഐഡികളിലേക്കും 5,31,070 രൂപ അയപ്പിക്കുകയായിരുന്നു. തിരികെ 1400 രൂപ അയച്ചു. 5,29,670 രൂപയും പ്രതിഫലവും നൽകാതെ പണം തട്ടി എന്ന പരാതിയിൽ മേൽപ്പറമ്പ് പൊലീസാണ് കേസെടുത്തത്. ആഗസ്റ്റ് പതിനാറിനും പതിനെട്ടിനും ഇടയിലുള്ള ദിവസങ്ങളിലാണ് പണം തട്ടിയത്.

ഫേസ് ബുക്കിൽ കഴിഞ്ഞ മാർച്ച് 9 മുതൽ 19 വരെയുള്ള കാലയളവിൽ ഷിപ്പിംഗ് കമ്പനിയിൽ ഓർഡിനറി സീമാൻ ജോലി വാഗ്ദാനം ചെയ്തുകൊണ്ടുള്ള പരസ്യം കണ്ടതിനെ തുടർന്ന് വാട്സ്ആപ്പിൽ അപേക്ഷ നൽകുകയായിരുന്നു റഷീദ്.വാട്സ്ആപ്പിലേക്ക് അപ്പോയ്‌മെന്റ് ഓർഡർ ലഭിച്ചതിന് പിന്നാലെ തുടർ നടപടി ക്രമങ്ങൾക്കായി രണ്ട് നമ്പറുകളിലേക്കായി ഗൂഗിൾപേ വഴി 50,000 രൂപയുംഫോൺപേ വഴി 50,000 രൂപയും അയച്ചുകൊടുത്തു. തുടർന്ന് യാതരു വിവരവും ലഭിക്കാത്തതിനെ തുടർന്ന് യുവാവ് ആദൂർ പൊലീസിൽ പരാതി നൽകുകയായിരുന്നു.