ഇനി സാരി ഇല്ല?; 60വർഷത്തിന് ശേഷം വനിതാ ക്യാബിൻ ക്രൂ അംഗങ്ങൾക്ക് പുതിയ യൂണിഫോം അവതരിപ്പിക്കാനൊരുങ്ങി എയർ ഇന്ത്യ

Thursday 28 September 2023 3:39 PM IST

ന്യൂഡൽഹി: എയർ ഇന്ത്യ എയർലെെൻ അവരുടെ വനിതാ ക്യാബിൻ ക്രൂ അംഗങ്ങളുടെ പരമ്പരാഗതമായ വസ്ത്രത്തിൽ മാറ്റം വരുത്തുന്നതായി റിപ്പോർട്ട്. 60വർഷമായി എയർ ഇന്ത്യ വനിതാ ക്യാബിൻ ക്രൂ അംഗങ്ങളുടെ വേഷം സാരിയാണ്. ഇതിനാണ് ഇപ്പോൾ മാറ്റം കൊണ്ടുവരുന്നത്. നവംബറോടെ പുതിയ യൂണിഫോം അവതരിപ്പിക്കുമെന്നാണ് റിപ്പോർട്ട്. പ്രശസ്ത ഫാഷൻ ഡിസെെനർ മനീഷ് മൽഹോത്രയാണ് എയർ ഇന്ത്യ വനിതാ ക്യാബിൻ അംഗങ്ങൾക്ക് പുതിയ യൂണിഫോം രൂപകൽപന ചെയ്യുക. എന്നാൽ ഇതിനെക്കുറിച്ച് മനീഷ് മൽഹോത്ര ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.

യൂണിഫോമിന് വിവിധ ഓപ്‌ഷനുകൾ എയർലൈനിന് നൽകിയിട്ടുണ്ടെന്നാണ് റിപ്പോർട്ട്. റെഡി ടു വെയർ സാരികളും ഇതിൽ ഉൾപ്പെടുന്നു. മാനേജ്‌മെന്റിന്റെ ഭാഗത്ത് നിന്ന് യൂണിഫോമിനെക്കുറിച്ച് കൂടുതൽ വിവരങ്ങൾ പുറത്തുവന്നിട്ടില്ല. ഒക്ടോബറിലോ നവംബറിലോ പ്രതീക്ഷിക്കുന്ന എയർബസ് എ350 വിമാനം എത്തുമ്പോൾ എയർലെെനിന്റെ പുതുക്കിയ രൂപം കാണാൻ കഴിയുമെന്ന് എയർ ഇന്ത്യയുടെ സി ഇ ഒയും മാനേജിംഗ് ഡയറക്ടറുമായ കാംബെൽ വിൽസൺ പറഞ്ഞു. 1962ൽ ജെ ആർ ഡി ടാറ്റയാണ് വനിതാ ക്യാബിൻ ക്രൂ അംഗങ്ങൾക്കായി മുൻകാല യൂണിഫോം മാറ്റി സാരി അവതരിപ്പിച്ചത്.