സഹകരണ ബാങ്കിൽ നിന്ന് ജപ്തി നോട്ടീസ്, ആത്മഹത്യക്ക് ശ്രമിച്ച എഴുപതുകാരി മരിച്ചു
തൃശൂർ : സഹകരണ ബാങ്കിൽ നിന്ന് ജപ്തി നോട്ടീസ് ലഭിച്ചതിന് പിന്നാലെ ഉറക്കഗുളിക കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ച മൂന്നംഗ കുടുംബത്തിലെ എഴുപതുകാരി മരിച്ചു. കൊരട്ടി കാതിക്കുടത്ത് തങ്കമണിയാണ് മരിച്ചത്. ഇവർക്കൊപ്പം ഉറക്കഗുളിക കഴിച്ച മകൾ ഭാഗ്യലക്ഷ്മി (38), മകൻ അതുൽ കൃഷ്ണ (10) എന്നിവർ ആരോഗ്യനില വീണ്ടെടുത്തു.
ഞായറാഴ്ചയാണ് മൂന്നുപേരെയും അമിതമായി ഉറക്കഗുളിക അകത്തുചെന്ന നിലയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. വീട്ടിലുണ്ടാക്കിയ പായസത്തിൽ ഉറക്കഗുളിക അമിതമായി ചേർത്ത് കഴിക്കുകയായിരുന്നു. ഭക്ഷണം കഴിച്ചതോടെ മൂന്നുപേർക്കും അസ്വസ്ഥതകൾ ഉണ്ടായി. ഉടൻ തന്നെ ഭാഗ്യലക്ഷ്മിയുടെ ഭർത്താവ് ശ്രീവത്സൻ ഇവരെ ചാലക്കുടിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു,. നില വഷളായതിനെ തുടർന്ന് അപ്പോളോ ആശുപത്രിയിലേക്ക് മാറ്റി.
ഹൃദ്രോഗിയായ അതുലിന് ചികിത്സയ്ക്കായാണ് കാടുകുറ്റി സഹഹകരണ ബാങ്കിൽ നിന്ന് 2019ൽ കുടുംബം 16 ലക്ഷം രൂപ വായ്പയെടുത്തത്. തുടർ ചികിത്സയ്ക്കായി ബുദ്ധിമുട്ടിയതോടെ വായ്പ തിരിച്ചടവ് മുടങ്ങി. പലിശയടക്കം 22 ലക്ഷം രൂപ ബാദ്ധ്യതയായി. റവന്യു റിക്കവറിയുടെ ഭാഗമായി കുടുംബാംഗങ്ങൾക്ക് നോട്ടീസ് ലഭിച്ചിരുന്നു, ഇതിന് പിന്നാലെയായിരുന്നു ആത്മഹത്യാശ്രമം.