അന്വേഷണം പാഴായാൽ മോദി രാജിവയ്‌ക്കുമോ: കേജ്‌രിവാൾ
Friday 29 September 2023 12:17 AM IST
ന്യൂഡൽഹി: ഔദ്യോഗിക വസതി മോടി കൂട്ടിയതിന് 45 കോടി ചെലവായതിൽ ക്രമക്കേട് ആരോപിച്ച് സി.ബി.ഐ പ്രാഥമിക അന്വേഷണം പ്രഖ്യാപിച്ചതിനെതിരെ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാൾ. താൻ മുഖ്യമന്ത്രിയായ അന്നു മുതൽ കേന്ദ്രം പല അന്വേഷണങ്ങൾ പ്രഖ്യാപിച്ചിട്ടുണ്ട്. സി.ബി.ഐ ഒന്നും കണ്ടെത്തിയില്ലെങ്കിൽ പ്രധാനമന്ത്രി നരേന്ദ്രമോദി രാജിവയ്‌ക്കുമോ എന്നും കേജ്‌രിവാൾ ചോദിച്ചു. എത്ര വ്യാജ അന്വേഷണം നടത്തിയാലും തലകുനിക്കില്ല.
ഇത് മോദി പരിഭ്രാന്തിയിലാണെന്ന് തെളിയിക്കുന്നു. തനിക്കെതിരെ ആദ്യ അന്വേഷണമല്ല ഇത്. എട്ട് വർഷത്തിനിടെ മദ്യനയമുൾപ്പെടെ 50ലധികം അന്വേഷണങ്ങൾ നടന്നു. 33 ലധികം കേസുകൾ രജിസ്റ്റർ ചെയ്തു. ഒന്നും കണ്ടെത്താനായില്ല. പുതിയ അന്വേഷണത്തിലും ഒന്നും കണ്ടെത്താൻ പോകുന്നില്ല. അതിനാൽ സി.ബി.ഐ അന്വേഷണത്തെ സ്വാഗതം ചെയ്യുന്നു എന്നും അദ്ദേഹം പറഞ്ഞു.