ആദ്യം ഹിന്ദുവിദ്യാർത്ഥികളെക്കൊണ്ട്  മുസ്ലിം  കുട്ടിയെ തല്ലിച്ചു, ഇപ്പോൾ തിരിച്ചും: ഉത്തർപ്രദേശിൽ വിവാദ നായികമാരായി അദ്ധ്യാപികമാർ

Friday 29 September 2023 11:05 AM IST

ലക്നൗ: ഉത്തർപ്രദേശിൽ മുസ്ലിം വിദ്യാർത്ഥിയെക്കൊണ്ട് സഹപാഠിയായ ഹിന്ദു വിദ്യാർത്ഥിയെ തല്ലിച്ച അദ്ധ്യാപികയെ പൊലീസ് അറസ്റ്റുചെയ്തു. സജിഷ്ട എന്ന സ്വകാര്യ സ്കൂൾ അദ്ധ്യാപികയാണ് അറസ്റ്റിലായത്. ഇക്കഴിഞ്ഞ 26ന് നടന്ന സംഭവം പുറത്തറിഞ്ഞ ഉടൻതന്നെ സ്കൂൾ അധികൃതർ ഇവരെ സസ്പെൻഡുചെയ്തിരുന്നു.

താൻ ചോദിച്ച ചോദ്യങ്ങൾക്ക് പതിനൊന്നുകാരനായ കുട്ടി ഉത്തരം പറയാൻ കൂട്ടാക്കാത്തതാണ് അദ്ധ്യാപികയെ പ്രകോപിപ്പിച്ചത്. കഠിനമായി ശകാരിച്ചശേഷമാണ് മുസ്ലിം വിദ്യാർത്ഥിയോട് മർദിക്കാൻ ആവശ്യപ്പെട്ടത്. മറ്റുള്ളവരുടെ മുന്നിൽ വച്ച് സഹപാഠിയുടെ മർദനം ഏൽക്കേണ്ടിവന്നതോടെ പതിനൊന്നുകാരൻ വിഷാദരോഗത്തിന്റെ ലക്ഷണങ്ങൾ കാട്ടിത്തുടങ്ങി. സ്കൂളിൽ പോലുംപോകാതെ വീട്ടിനുള്ളിൽത്തന്നെ ഒതുങ്ങിക്കഴിയുകയുമായിരുന്നു. രക്ഷിതാക്കൾ ചോദിച്ചതോടെ കുട്ടി തനിക്ക് നേരിട്ട ദുരനുഭവങ്ങൾ വിവരിക്കുകയായിരുന്നു. ഇതോടെ വീട്ടുകാർ അദ്ധ്യാപകനെതിരെ പരാതിയുമായി രംഗത്തെത്തി. തുടർന്നായിരുന്നു നടപടി.

ക്ലാസ്‌മുറിയിൽ വച്ച് ഹിന്ദുവിദ്യാർത്ഥികളെക്കൊണ്ട് മുസ്ലിം വിദ്യാർത്ഥിയുടെ മുഖത്തടിപ്പിച്ച ഉത്തർപ്രദേശിലെ അദ്ധ്യാപികയുടെ നടപടി അടുത്തിടെ ഏറെ വിവാദമായിരുന്നു. മുസാഫർ നഗറിലെ നേഹ പബ്ലിക് സ്കൂളിലെ തൃപ്ത ത്യാഗി എന്ന അദ്ധ്യാപിയായിരുന്ന വിവാദ നായിക. ആദ്യം തന്റെ നടപടിയെ ന്യായീകരിച്ചെങ്കിലും ഒടുവിൽ മാപ്പുപറഞ്ഞ് തലയൂരാൻ ശ്രമിച്ചു. ഇവർക്കെതിരെയും നടപടി കർശനമാക്കിയിട്ടുണ്ട്.

Advertisement
Advertisement