നബിദിനാഘോഷത്തിനിടെ രണ്ട് പാക് പള്ളികളിൽ ചാവേർ സ്‌ഫോടനം : 60 മരണം

Saturday 30 September 2023 6:59 AM IST

ഇസ്ലാമാബാദ്: പാകിസ്ഥാനിൽ ഇന്നലെ നബിദിനാഘോഷവും വെള്ളിയാഴ്ച പ്രാർത്ഥനകളും നടക്കുന്നതിനിടെ ബലൂചിസ്ഥാൻ, ഖൈബർ പഖ്തൂൺ ഖ്വ പ്രവിശ്യകളിലെ രണ്ട് പള്ളികളെ ഉന്നമിട്ട ചാവേർ സ്ഫോടനങ്ങളിൽ അറുപതോളം പേർ കൊല്ലപ്പെട്ടു. എഴുപതിലേറെ പേർക്ക് പരിക്കേറ്റു. നിരവധി പേരുടെ നില ഗുരുതരമാണ്. മരണം കൂടിയേക്കും.

ബലൂചിസ്ഥാനിൽ മസ്‌തുംഗ് ജില്ലയിലെ മദീന പള്ളിക്ക് സമീപം ഇന്നലെ

ഉച്ചയോടെ നബി ദിന റാലിക്കായി വിശ്വാസികൾ ഒത്തുകൂടിയതിനിടെയാണ് സ്ഫോടനം നടന്നത്. 53 പേർ മരിച്ചു. പൊലീസുകാരടക്കം 60ഓളം പേർക്ക് പരിക്കേറ്റു. . ഡെപ്യൂട്ടി സൂപ്രണ്ട് നവാസ് ഗാഷ്കോരിയും കൊല്ലപ്പെട്ടു. ഇദ്ദേഹത്തിന്റെ വാഹനത്തിന് സമീപമാണ് ചാവേർ പൊട്ടിത്തെറിച്ചത്.

ആക്രമണത്തിന്റെ ഉത്തരവാദിത്വം ആരും ഏറ്റിട്ടില്ല. പ്രവിശ്യയിൽ മൂന്ന് ദിവസത്തെ ദുഃഖാചരണം പ്രഖ്യാപിച്ചു.

മസ്തംഗിൽ രണ്ടാഴ്ചയ്‌ക്കിടെ നടക്കുന്ന രണ്ടാമത്തെ വലിയ സ്ഫോടനമാണിത്. സെപ്തംബർ 14ന് ജാമിയത്ത് ഉലമ - ഇ - ഇസ്ലാം ഫസൽ പാർട്ടി നേതാവ് ഹാഫിസ് ഹംദുള്ള അടക്കം നിരവധി പേർക്ക് പരിക്കേറ്റിരുന്നു. 2018 ജൂലായിൽ 130 പേർ കൊല്ലപ്പെട്ടിരുന്നു.

മണിക്കൂറുകൾക്കുള്ളിലാണ് ഖൈബർ പഖ്തൂൺ ഖ്വയിലെ ഹാങ്ങു പട്ടണത്തിലെ പള്ളിയിൽ ചാവേറാക്രമണം നടന്നത്. പൊലീസുകാരനടക്കം ആറ് പേർ കൊല്ലപ്പെട്ടു.

പന്ത്രണ്ട് പേർക്ക് പരിക്കേറ്റു. സ്ഫോടനം നടക്കുമ്പോൾ പള്ളിയിൽ നാൽപതോളം വിശ്വാസികൾ പ്രാർത്ഥനയിലായിരുന്നു. പള്ളിയുടെ മേൽക്കൂര തകർന്നു.

സമീപത്തുള്ള പൊലീസ് സ്റ്റേഷനിലാണ് അഞ്ചംഗ ചാവേർ സംഘം ആദ്യം കയറിയത്. പൊലീസുമായുണ്ടായ ഏറ്റുമുട്ടലിൽ ഒരു ഭീകരൻ കൊല്ലപ്പെട്ടു. തുടർന്ന് പൊലീസ് സ്റ്റേഷനിൽ നിന്ന് രക്ഷപ്പെട്ട നാല് ഭീകരരിൽ ഒരാളാണ് പള്ളിയിൽ കയറി സ്ഫോടനം നടത്തിയത്..

ആക്രമണത്തിന്റെ പിന്നിൽ ഐസിസ് ആകാമെന്ന് കരുതുന്നു.