സ്‌ത്രീയെ കാറിടിച്ച് കൊലപ്പെടുത്തിയ കേസിൽ നടൻ അറസ്റ്റിൽ; ഭർത്താവ് ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ
ബംഗളൂരു: അമിതവേഗത്തിലെത്തി സ്ത്രീയെ കാറിടിച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ കന്നട നടൻ അറസ്റ്റിൽ. നടൻ നാഗഭൂഷണ എൻ എസ് ആണ് 48കാരിയെ കാറിടിച്ച് കൊലപ്പെടുത്തിയതിന് അറസ്റ്റിലായത്. ഇവരോടൊപ്പമുണ്ടായിരുന്ന 58കാരനായ ഭർത്താവ് ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ ചികിത്സയിലാണ്. ഇന്നലെ രാത്രി ഒൻപതേമുക്കാലോടെ വസന്തപുര മെയിൻ റോഡിലായിരുന്നു സംഭവം.
പ്രേമ എസ് (48) ആണ് കൊല്ലപ്പെട്ടത്. പ്രേമയും ഭർത്താവ് കൃഷ്‌ണ ബിയും (58) ഫുട്‌പാത്തിലൂടെ നടക്കുന്നതിനിടെ ഉത്തരഹള്ളിയിൽ നിന്ന് കൊനാനകുന്തെ ക്രോസിലേയ്ക്ക് വരികയായിരുന്ന കാർ ഇടിക്കുകയായിരുന്നു. തുടർന്ന് വൈദ്യുതി പോസ്റ്റിലും ഇടിച്ചതിനുശേഷമാണ് കാർ നിന്നത്. അമിതവേഗത്തിലാണ് കാർ എത്തിയതെന്ന് ദൃക്‌സാക്ഷികൾ പറയുന്നു.
അപകടത്തിൽ പരിക്കേറ്റ ദമ്പതികളെ ഉടൻതന്നെ ആശുപത്രിയിലേയ്ക്ക് കൊണ്ടുപോയെങ്കിലും വഴിമദ്ധ്യേ പ്രേമ മരിക്കുകയായിരുന്നു. കൃഷ്‌ണ ചികിത്സയിൽ തുടരുകയാണ്. നടൻ മദ്യപിച്ചിരുന്നോയെന്ന് കണ്ടെത്താൻ ലഹരി പരിശോധന നടത്തുമെന്ന് പൊലീസ് അറിയിച്ചു. മദ്യപിച്ചിരുന്നതായി പ്രാഥമിക പരിശോധനയിൽ കണ്ടെത്താനായില്ലെന്നും പൊലീസ് വ്യക്തമാക്കി. സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്തതായും കാർ പിടിച്ചെടുത്തതായും അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു. നിരവധി കന്നട സിനിമകളിൽ വേഷമിട്ടിട്ടുള്ള നാഗഭൂഷണ ഹാസ്യകഥാപാത്രങ്ങളിലൂടെ പ്രസിദ്ധനാണ്. തഗരു പല്യ എന്ന സിനിമയിലാണ് അവസാനമായി വേഷമിട്ടത്.