ആസിഫ് അലിയുടെ നായികയായി ദേവി

Monday 02 October 2023 6:00 AM IST

ജി. പ്രജേഷ് സെൻ രചനയും സംവിധാനവും നിർവഹിക്കുന്ന ഹൗഡിനി എന്ന ചിത്രത്തിൽ ആസിഫ് അലിയുടെ നായികയായി ദേവി എത്തുന്നു.മുൻകാല അഭിനേത്രി ജലജയുടെ മകളാണ് ദേവി .

. മാലിക് എന്ന ചിത്രത്തിൽ ജലജയുടെ ചെറുപ്പകാലം അവതരിപ്പിച്ചാണ് ദേവി വെള്ളിത്തിരയിൽ ചുവടുവയ്ക്കുന്നത്. ഹെഡ് മാസ്റ്റർ ആണ് രണ്ടാമത്തെ ചിത്രം.മാലിക്കിലും ഹെഡ് മാസ്റ്ററിലും ശ്രദ്ധേയമായ കഥാപാത്രങ്ങളെയാണ് അവതരിപ്പിച്ചത്. റസൂൽ പൂക്കുട്ടി സംവിധാനം ചെയ്യുന്ന ആസിഫ് അലി, അർജുൻ അശോകൻ എന്നിവർ പ്രധാന വേഷത്തിൽ എത്തുന്ന ഒറ്റ ആണ് റിലീസിന് ഒരുങ്ങുന്ന ചിത്രം.കോഴിക്കോട് ചിത്രീകരണം പുരോഗമിക്കുന്ന ഹൗഡിനിയിൽ അനന്തൻ എന്ന മജീഷ്യന്റെ വേഷം ആസിഫ് അലി അവതരിപ്പിക്കുന്നു.

ആസിഫ് അലിയും പ്രജേഷ് സെന്നും ആദ്യമായാണ് ഒരുമിക്കുന്നത്. ഗുരു സോമസുന്ദരം, ജഗദീഷ്, ശ്രീകാന്ത് മുരളി തുടങ്ങിയവരും ഏതാനും പുതുമുഖങ്ങളും അണിനിരക്കുന്നു.മുംബൈ, രാജസ്ഥാൻ എന്നിവിടങ്ങളും ലൊക്കേഷനായിരിക്കും. ബോളിവുഡ് സംവിധായകൻ ആനന്ദ് .എൽ .റായിയുടെ നിർമ്മാണ കമ്പനിയായ കളർ യെല്ലോ പ്രൊഡക്ഷൻസും കർമ്മ മീഡിയ ആന്റ് എന്റർടെയ്ൻമെന്റിനൊപ്പം ഷൈലേഷ്.ആർ.സിംഗും പ്രജേഷ് സെൻ മൂവി ക്ലബും ചേർന്നാണ് നിർമ്മാണം. നൗഷാദ് ഷെരിഫ് ഛായാഗ്രഹണം നിർവഹിക്കുന്നു.