സഹോദരനെ വെടിവച്ച് കൊന്ന പ്രതി റിമാൻഡിൽ

Monday 02 October 2023 3:50 AM IST

ആലുവ: എടയപ്പുറത്ത് ജ്യേഷ്ഠസഹോദരനെ വെടിവെച്ചു കൊലപ്പെടുത്തിയ കേസിൽ ഹൈക്കോടതി ജീവനക്കാരൻ തൈപ്പറമ്പിൽ ടി.ജെ. തോമസി​(45)നെ ആലുവ മജിസ്‌ട്രേറ്റ് കോടതി റിമാൻഡ് ചെയ്തു.

തോമസ് വെടിവെയ്ക്കാൻ ഉപയോഗിച്ച നീളമേറിയ കുഴലുകളുള്ള 0.22 എയർഗൺ പ്രാഥമിക പരിശോധന നടത്തി. വരും ദിവസങ്ങളിൽ ബാലിസ്റ്റിക് വിദഗ്ധരുടെ വിശദമായ പരിശോധന ഉണ്ടാകും. തോമസിന്റെ അച്ഛൻ ജോസഫിന്റേതാണ് തോക്ക്. പക്ഷികളെയും മറ്റും വെടിവെയ്ക്കാൻ ഉപയോഗിക്കുന്നതിനാണ് തോക്ക് വാങ്ങിയത്. ജ്യേഷ്ഠൻ പോൾസനെ തോക്ക് ഉപയോഗിച്ച് ഏഴ് വട്ടമാണ് തോമസ് വെടിവെച്ചത്. തലയിലും കഴുത്തിലും അടക്കം ഏഴ് സ്ഥലങ്ങളിൽ വെടിയേറ്റത് പോസ്റ്റ് മോർട്ടത്തിൽ കണ്ടെത്തി. സാധാരണ എയർഗണി​ൽ നി​ന്ന് അകലെ നിന്ന് വെടികൊണ്ടാൽ പരിക്കേൽക്കാനുള്ള സാധ്യത മാത്രമാണുള്ളത്. എന്നാൽ പ്രതി തൊട്ടടുത്തു നിന്ന് വെടിവച്ചതിനാലാകാം മരണം സംഭവിച്ചതെന്നാണ് കരുതുന്നത്. നീളമേറിയ തോക്കിൻ കുഴൽ ശരീരത്തോട് ചേർത്ത് വച്ച് വെടിവെച്ചിരിക്കാമെന്നും കരുതുന്നു. പ്രതിയെ വീട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്തിയിരുന്നു. ഫോറൻസിക് വിദഗ്ദ്ധരും വിരലടയാള വിദഗ്ദരും ഡോഗ് സ്‌ക്വാഡും ഉൾപ്പെടെ ശാസ്ത്രീയ പരിശോധനയും നടത്തി. വരും ദിവസങ്ങളി​ൽ സംഭവം നടന്ന വീടും തോക്കും ബാലിസ്റ്റിക് വിദഗ്ദ്ധർ വിശദമായി പരിശോധിക്കും.