ജുവല്ലറിയുടെ ഭിത്തി തുരന്ന് മോഷണ ശ്രമം
കയ്പമംഗലം: മൂന്നുപീടികയിൽ ജുവല്ലറിയുടെ ഭിത്തി തുരന്ന് മോഷണ ശ്രമം. മൂന്നുപീടിക സെന്ററിൽ ദേശീയ പാതയോരത്ത് പ്രവർത്തിക്കുന്ന പൊന്നറ ജ്വല്ലറിയിലാണ് മോഷണശ്രമം നടന്നത്. ഇന്നലെ രാവിലെ ഒമ്പതരയോടെ കടയുടമ ജുവല്ലറി തുറക്കാൻ എത്തിയപ്പോഴാണ് മോഷണ ശ്രമം നടന്നതായി അറിയുന്നത്. ജുവല്ലറി പ്രവർത്തിക്കുന്ന കെട്ടിടത്തിന്റെ പിൻഭാഗത്തെ ഭിത്തി കുത്തിപ്പൊളിച്ചാണ് മോഷ്ടാവ് അകത്ത് കടന്നിട്ടുള്ളത്. ഒന്നരയടി വ്യാസത്തിൽ ദ്വാരമുണ്ടാക്കി ലോക്കർ ഇരിക്കുന്ന മുറിയിലേക്ക് മോഷ്ടാവ് കടന്നെങ്കിലും ലോക്കർ പൊളിക്കാൻ കഴിയാത്തതിനാൽ സ്വർണമൊന്നും നഷ്ടപ്പെട്ടിട്ടില്ല. തൊട്ടടുത്തുള്ള മറ്റൊരു കെട്ടിടത്തിന്റെ മുകളിലൂടെ കയറിയാകാം മോഷ്ടാവ് ജ്വല്ലറിയുടെ പിൻഭാഗത്ത് എത്തിയതെന്നാണ് പൊലീസിന്റെ നിഗമനം. കയ്പമംഗലം പൊലീസ് സ്ഥലത്തെത്തി പ്രദേശത്തെ സി.സി.ടി.വികൾ നീരീക്ഷിച്ച് അന്വേഷണം നടത്തി വരികയാണ്. വിരലടയാള വിദഗ്ദ്ധരും സ്ഥലത്തെത്തി.