ഇന്ത്യൻ സേന 156 'പ്രചണ്ഡ' കോപ്റ്ററുകൾ വാങ്ങുന്നു, ചൈനീസ് അതിർത്തിയിൽ വിന്യസിക്കും

Monday 02 October 2023 1:47 AM IST

ന്യൂഡൽഹി: ചൈനീസ് അതിർത്തിയിലെ യുദ്ധസന്നാഹങ്ങൾ കൂടുതൽ ശക്തമാക്കാൻ ഇന്ത്യ സ്വന്തം 'പ്രചണ്ഡ" ലഘു യുദ്ധ ഹെലികോപ്റ്ററുകൾ വിന്യസിക്കും. ഇതിനായി കര, വ്യോമസേനകൾ 156 പ്രചണ്ഡ കോപ്റ്ററുകൾക്ക് കൂടി എച്ച്.എ.എല്ലിന് ഓർഡർ കൊടുക്കും. കരസേന 90ഉം വ്യോമസേന 66ഉം കോപ്റ്ററുകളാണ് വാങ്ങുക.

ഇന്ത്യ നിർമ്മിച്ച ആദ്യ വിവിധോദ്ദേശ്യ യുദ്ധ ഹെലികോപ്റ്ററാണിത്.

മരുപ്രദേശങ്ങളിലും പർവതങ്ങളിലും ഉൾപ്പെടെ സേനയുടെ കൃത്യമായ ദൗത്യങ്ങൾക്ക് ഇണങ്ങും വിധമാണ് പ്രചണ്ഡ നിർമ്മിച്ചിട്ടുള്ളത്.

രണ്ട് വ‌ർഷം മുമ്പ് ചൈനയുമായി സംഘർഷത്തിനിടെ,​ അമേരിക്കയിൽ നിന്ന് വാങ്ങിയ 22 അപ്പാച്ചെ ആക്രമണ കോപ്റ്ററുകൾ വ്യോമസേന ലഡാക്കിൽ വിന്യസിച്ചിരുന്നു. കരസേനയ്‌ക്ക് ആറ് അപ്പാച്ചെ കോപ്റ്ററുകൾ അടുത്ത വർഷം എത്തും. ഇവയ്ക്കൊപ്പം പ്രചണ്ഡ കൂടിയാകുമ്പോൾ ഇന്ത്യയുടെ പ്രഹര ശേഷി കൂടുതൽ ശക്തമാവും.

16,​400 അടി (5000 മീറ്റർ)​ ഉയരമുള്ള സ്ഥലത്ത് ടേക്കോഫിനും ലാൻഡിംഗിനും കഴിവുള്ള ലോകത്തെ ഏക ഹെലികോപ്റ്ററാണ് പ്രചണ്ഡ. സിയാച്ചിനിലെയും ലഡാക്കിലെയും മഞ്ഞുമലകളിലെ ഓപ്പറേഷന് അനുയോജ്യം. ശത്രുവിനെ ആകാശത്തും ഭൂമിയിലും പ്രഹരിക്കാനുള്ള മിസൈലുകൾ വഹിക്കും. വരുന്ന 30-40 വർഷത്തെ വെല്ലുവിളികൾ മുൻകൂട്ടിക്കണ്ടാണ് നിർമ്മാണം.

ഇതിന്റെ എൻജിൻ (ശക്തി ) എച്ച്.എ.എല്ലും ഫ്രാൻസിലെ സഫ്രാൻ കമ്പനിയും ചേർന്നാണ് വികസിപ്പിച്ചത്.

 2006ൽ ഡിസൈൻ ആൻഡ് ഡെവലപ്മെന്റ്

10 വർഷം ദുർഘട സാഹചര്യങ്ങളിൽ പരീക്ഷണം

 ചെന്നൈയിൽ കടലിലും ലേയിലെ തണുപ്പിലും സിയാച്ചിനിലെ കൊടുമുടികളിലും രാജസ്ഥാനിലെ മരുഭൂമിയിലും പരീക്ഷണം

 കഴിഞ്ഞ ഒക്ടോബറിൽ 15 കോപ്റ്റുറുകൾ ജോധ്പൂരിൽ വിന്യസിച്ചു

ശേഷി

യുദ്ധമുന്നണിയിൽ തെരച്ചിലും രക്ഷാ ദൗത്യവും

 ശത്രുവിന്റെ വ്യോമപ്രതിരോധം തകർക്കും

 വനപ്രദേശത്ത് ഭീകര വിരുദ്ധ ഓപ്പറേഷൻ

 വേഗം കുറഞ്ഞ വിമാനങ്ങളും ഡ്രോണുകളും തകർക്കും

 മലനിരകളിലെ ശത്രു ബങ്കറുകൾ തകർക്കും

ആധുനിക സങ്കേതങ്ങൾ

 ഗ്ലാസ് കോക്ക്പിറ്റിൽ പൈലറ്റും, കോ പൈലറ്റും

 ശത്രു കേന്ദ്രങ്ങൾ പൈലറ്റിന് ഹെൽമെറ്റിൽ കാണാം

 മൂക്കിൻ തുമ്പിൽ 20 എം.എം തോക്ക് ( നോസ് ഗൺ )

70 എം. എം റോക്കറ്റ്, ടാങ്ക് വേധ മിസൈൽ

 വ്യോമസേനാ കോപ്റ്ററിൽ ധ്രുവാസ്‌ത്ര മിസൈൽ

 കരസേനാ കോപ്റ്ററിൽ ഹെലീന മിസൈൽ

 ശത്രുവിനെ കബളിപ്പിക്കുന്ന സ്റ്റെൽത്ത് വിദ്യ

 ദൃശ്യ, ശബ്ദ, റഡാർ, ഇൻഫ്രാറെഡ് ഉപകരണങ്ങളിൽ പതിയില്ല.

 ആക്രമണ മുന്നറിയിപ്പിന് ഇലക്ട്രോണിക് കവചം

5.80

ടൺ ഭാരം

 288

കിലോമീറ്റർ വേഗം

500 കിലോമീറ്റർ

പ്രഹര പരിധി

21,000 അടി

ഉയരത്തിൽ പറക്കും