കോടിയേരിയില്ലാത്തത് തീരാദുഖം: എം.വി ഗോവിന്ദൻ സ്മ‌തി മണ്ഡപം അനാച്ഛാദനം ചെയ്തു

Monday 02 October 2023 1:53 AM IST

കണ്ണൂർ: സി.പി.എമ്മിനും ഇടതുപക്ഷത്തിനുമെതിരെ കടന്നാക്രമണങ്ങൾ നടക്കുമ്പോൾ അതിനെ അഭിമുഖീകരിക്കാൻ കോടിയേരി ഇല്ലല്ലോ എന്ന ദുഃഖമാണ് കേരളത്തിലെ പാർട്ടി അഭിമുഖീകരിക്കുന്നതെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ. സി.പി.എം പൊളിറ്റ് ബ്യൂറോ അംഗവും സംസ്ഥാന സെക്രട്ടറിയുമായിരുന്ന കോടിയേരി ബാലകൃഷ്ണന്റെ ഒന്നാം ചരമ വാർഷിക ദിനത്തിൽ പയ്യാമ്പലത്ത് നടന്ന അനുസ്മരണ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇന്ത്യൻ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനങ്ങൾക്ക് കേരളം നൽകിയ കരുത്തുറ്റ നേതാവായിരുന്നു കോടിയേരി. സർവ മേഖലയിലുള്ളവരുമായി ബന്ധം സ്ഥാപിക്കുകയും നിലനിർത്തുകയും ചെയ്തു. സങ്കീർണമായ പ്രശ്നങ്ങളെ ഫലപ്രദമായി അതിജീവിച്ച് മുന്നോട്ടേക്ക് പോകാനുള്ള കഴിവ് കോടിയേരിക്കുണ്ടായിരുന്നുവെന്ന് അദ്ദേഹം പറ‌ഞ്ഞു.

കോടിയേരിയുടെ ഭൗതികദേഹം സംസ്കരിച്ച പയ്യാമ്പലം കടപ്പുറത്തെ സ്മൃതിമണ്ഡപം എം.വി ഗോവിന്ദൻ അനാ‌ച്ഛാദനം ചെയ്തു. കണ്ണൂർ സ്റ്റേഡിയം കോർണറിൽ നിന്ന് നൂറുകണക്കിന് പ്രവർത്തകരും നേതാക്കളും പ്രകടനമായെത്തിയാണ് അനാച്ഛാദനം നിർവഹിച്ചത്. തുടർന്ന് സ്മൃതി മണ്ഡപത്തിൽ പുഷ്പാർച്ചനയും നടത്തി. കേന്ദ്ര കമ്മിറ്റി അംഗങ്ങളായ പി.കെ ശ്രീമതി,കെ.കെ ശൈലജ,മന്ത്രി പി.എ മുഹമ്മദ് റിയാസ്,ജില്ലാ സെക്രട്ടറി എം.വി ജയരാജൻ,പി. ജയരാജൻ,വി. ശിവദാസൻ എം.പി,​കടന്നപ്പള്ളി രാമചന്ദ്രൻ എം.എൽ.എ,കോടിയേരി ബാലകൃഷ്ണന്റെ ഭാര്യ വിനോദിനി ബാലകൃഷ്ണനും കുടുംബാംഗങ്ങളും പങ്കെടുത്തു. വൈകിട്ട് തലശ്ശേരി,​തളിപ്പറമ്പ് എന്നിവിടങ്ങളിൽ അനുസ്മരണ സമ്മേളനം സംഘടിപ്പിച്ചു. തലശ്ശേരി പുതിയ ബസ് സ്റ്റാൻഡ് പരിസരത്ത് മുഖ്യമന്ത്രി പിണറായി വിജയനും തളിപ്പറമ്പ് ഉണ്ടപ്പറമ്പ് മൈതാനിയിൽ എം.വി ഗോവിന്ദനും ഉദ്ഘാടനം ചെയ്തു.