പ്രതിപക്ഷം ജാതിരാഷ്ട്രീയം കളിക്കുന്നു,​ ജാതി സെൻസസിനെതിരെ രൂക്ഷവിമർശനവുമായി പ്രധാനമന്ത്രി

Monday 02 October 2023 6:17 PM IST

ഭോപാൽ : ബീഹാറിൽ ജാതി സെൻസസ് പുറത്തുവിട്ടതിന് പിന്നാലെ പ്രതിപക്ഷത്തിനെതിരെ രൂക്ഷവിമർശനവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി രംഗത്ത്. പ്രതിപക്ഷം ജാതിരാഷ്ട്രീയം കളിക്കുകയാണെന്ന് മോദി ആരോപിച്ചു. ഭരണത്തിലിരുന്നപ്പോഴും ജാതിയുടെ പേരിൽ സമൂഹത്തെ വിഭജിച്ചവരാണിവരെന്നും മോദി പറഞ്ഞു. മദ്ധ്യപ്രദേശിലെ ഗ്വാളിയോറിൽ വിവിധ വികസന പദ്ധതികളുടെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു പ്രധാനമന്ത്രി,​

ബീഹാറിലെ ജാതി സെൻസസിന്റെ കണക്കുകൾ ഇന്ന് ബീഹാർ സർക്കാർ പ്രസിദ്ധീകരിച്ചിരുന്നു,​. ഇതിന് പിന്നാലെയാണ് മോദിയുടെ വിമർശനം. പുതിയ സെൻസസ് പ്രകാരം പിന്നാക്ക വിഭാഗത്തിൽ 27.13 ശതമാനവും അതി പിന്നാക്ക വിഭാഗത്തിൽ 36.01 ശതമാനം പേരുമാണുള്ളത്. അതേസമയം മുന്നാക്കക്കാരിൽ 15.52 ശതമാനം പേർ മാത്രമാണുള്ളത്. പ്രതിപക്ഷ സഖ്യമായ ഇന്ത്യ മുന്നണി ജാതി സെൻസസ് നടത്തണമെന്ന് ആവശ്യമുന്നയിക്കുന്നതിനിടെയാണ് ബീഹാറിൽ നിതീഷ് കുമാർ സർക്കാർ ജാതി സെൻസസ് പുറത്തുവിട്ടത്.