കലാഭവൻ മണിയെ ജനപ്രിയനാക്കിയ നാടൻപാട്ടുകളുടെ രചയിതാവ് അറുമുഖൻ വെങ്കിടങ്ങ് അന്തരിച്ചു

Tuesday 03 October 2023 11:30 AM IST

തൃശൂർ: പ്രമുഖ നാടൻപാട്ട് രചയിതാവ് അറുമുഖൻ വെങ്കിടങ്ങ് (65) അന്തരിച്ചു. നാടൻ പാട്ടുകളുടെ മുടിചൂടാമന്നൻ എന്നായിരുന്നു അദ്ദേഹം അറിയപ്പെട്ടിരുന്നത്. 350ഓളം നാടൻപാട്ടുകളാണ് അറുമുഖൻ രചിച്ചിട്ടുള്ളത്.

കലാഭവൻ മണിയെ ഇത്രയും ജനപ്രിയനാക്കിയതിൽ അറുമുഖന്റെ നാടൻപാട്ടുകൾ പ്രധാന പങ്ക് വഹിച്ചിട്ടുണ്ട്. 'ചാലക്കുടി ചന്തക്ക് പോകുമ്പോൾ', 'പകലു മുഴുവൻ പണിയെടുത്ത്', 'വരിക്ക ചക്കേടെ' എന്നിവയെല്ലാം ഇദ്ദേഹത്തിന്റെ പാട്ടുകളാണ്. സിനിമയ്‌ക്ക് വേണ്ടിയും അറുമുഖൻ പാട്ടുകൾ എഴുതിയിട്ടുണ്ട്. 1998ൽ പുറത്തിറങ്ങിയ മീനാക്ഷി കല്യാണം എന്ന ചിത്രത്തിലെ 'കൊടുങ്ങല്ലൂരമ്പലത്തിൽ' എന്ന ഗാനം രചിച്ചത് ഇദ്ദേഹമായിരുന്നു. ഉടയോൻ, ദ ഗാർഡ്, സാവിത്രിയുടെ അരഞ്ഞാണം, ചന്ദ്രോത്സവം, രക്ഷകൻ എന്നീ ചിത്രങ്ങളിലെ ഗാനങ്ങളും രചിച്ചു. കൂടാതെ ധാരാളം ആൽബങ്ങളും ഭക്തിഗാനങ്ങളും ഇദ്ദേഹം രചിച്ചു.

ഭാര്യ - അമ്മിണി. മക്കൾ - സിനി, സിജു, ഷൈനി, ഷൈൻ, ഷിനോയ്‌, കണ്ണൻ പാലാഴി. മരുമക്കൾ - വിജയൻ, ഷിമ, ഷാജി. സംസ്കാരം ഇന്ന് വൈകിട്ട് മൂന്നിന് തൃശൂർ മുല്ലശേരി പഞ്ചായത്ത് പൊതുശ്‌മശാനത്തിൽ.

Advertisement
Advertisement