അമൃത് രണ്ടിൽ നിന്നും 100 കോടി: കോർപ്പറേഷനിൽ സൗജന്യ കുടിവെള്ളം:

Tuesday 03 October 2023 10:22 PM IST

കണ്ണൂർ: കോർപ്പറേഷൻ പരിധിയിലെ മുഴുവൻ വീടുകളിലും സൗജന്യമായി കുടിവെള്ളം നൽകാനുള്ള പദ്ധതികളുമായി കണ്ണൂർ കോർപ്പറേഷൻ. അമൃത് 2.0 പദ്ധതിയിൽ ഉൾപ്പെടുത്തി 100 കോടി രൂപയുടെ പ്രവർത്തിയാണ് കോർപ്പറേഷനിൽ നടക്കുന്നത്.

കേരള വാട്ടർ അതോറിറ്റി വഴി 26.25 കോടി രൂപയുടെ ഫ്ലോട്ടിംഗ് ഫണ്ടുൾപ്പെടെ 96.24 കോടി രൂപയുടെ ശുദ്ധജല വിതരണ പദ്ധതിയാണ് നടപ്പിലാക്കുന്നത്. ഇതിനായി കോർപ്പറേഷൻ പരിധിയിൽ 164 കി.മി. ദൂരത്തിൽ പൈപ്പിടുന്നതിനായി ടെൻഡർ അംഗീകരിച്ച് വർക്ക് ഓർഡർ നൽകിക്കഴിഞ്ഞു. കൂടുതലും സോണൽ ഏരിയകളിലാണ് പ്രവൃത്തി കൂടുതലും.പ്രവൃത്തി പൂർത്തിയാകുന്നതോടെ കോർപ്പറേഷൻ പരിധിയിൽ നിലവിലുള്ള 31,601 വീടുകളിലെ കണക്ഷന് പുറമെ പുതുതായി 24,000 കുടുംബങ്ങൾക്ക് കൂടി സൗജന്യ കുടിവെള്ളം ലഭിക്കും. പൈപ്പ് ലൈൻ വലിക്കാത്ത സ്ഥലങ്ങളിലുള്ളവർ കോർപ്പറേഷനിൽ ആവശ്യപ്പെട്ടാൽ പുതുതായി ലൈൻ വലിച്ച് നൽകും. നിലവിൽ എം.എൽ.എ ഫണ്ടിലോ മറ്റേതെങ്കിലും ഫണ്ടിലോ കുടിവെള്ള പൈപ്പ്‌ലൈൻ സ്ഥാപിച്ചവർ വീണ്ടും അപേക്ഷിച്ചാൽ സൗജന്യ കണക്ഷൻ നൽകും. അപേക്ഷാ ഫോമുകൾ കോർപ്പറേഷൻ ഓഫീസ്, സോണൽ ഓഫീസുകൾ എന്നിവിടങ്ങളിൽ നിന്നും സൗജന്യമായി ലഭിക്കും.

അടുത്ത മാർച്ച് 31ന് മുമ്പ് പദ്ധതി പൂർത്തീകരിക്കുവാനാണ് ലക്ഷ്യമിടുന്നത്. പ്രവർത്തിയുടെ ഉദ്ഘാടനം ഇന്ന് വൈകിട്ട് 4ന് ചാല അമ്പലത്തിന് മുൻവശം മേയർ അഡ്വ. ടി.ഒ.മോഹനൻ നിർവ്വഹിക്കും. അമൃത് ഒന്നാം ഘട്ട പദ്ധതിയിൽ 118 കോടി രൂപയുടെ കുടിവെള്ള പദ്ധതികൾ പൂർത്തിയായിക്കഴിഞ്ഞു.

അമൃതിൽ സംസ്ഥാനത്ത് ഒന്നാമത്

അമൃത് പദ്ധതികൾ ഏറ്റവും ഫലപ്രദമായി നടപ്പിലാക്കിയ അമൃത് നഗരങ്ങളിൽ കണ്ണൂർ കോർപ്പറേഷൻ സംസ്ഥാനത്ത് ഒന്നാമതാണ്. അമൃത് ഒന്നാംഘട്ട പദ്ധതിയിൽ ഉൾപ്പെട്ട മലിനജല ശുദ്ധീകരണ പ്ലാന്റിന്റെ നിർമ്മാണം പൂർത്തിയായിക്കഴിഞ്ഞു. ട്രയൽ റൺ ഉടനെ നടത്തും. ഈ പദ്ധതിയിൽ 51, 52 ഡിവിഷനുകളിലെ വീടുകളിൽ സൗജന്യ കണക്ഷൻ നൽകുന്നതിന് മൂന്നു കോടി രൂപയുടെ പദ്ധതികൾ തയ്യാറാക്കിയിട്ടുണ്ട്. പയ്യാമ്പലം പുലിമുട്ട്, ചേലോറ പാർക്ക്, മറ്റ് പാർക്കുകൾ, തോട് നവീകരണം തുടങ്ങി നിരവധി പദ്ധതികൾക്കായി 200 കോടിയോളം രൂപ ചെലവഴിച്ചിട്ടുണ്ട്.

നിലവിൽ കുടിവെള്ള കണക്ഷൻ

31,601 വീടുകളിൽ

24,000 പുതുതായി

പൈപ്പിടൽ പ്രവൃത്തി

പഴയ മുനിസിപ്പൽ പ്രദേശം 20 കി.മീ.

ചേലോറ സോണൽ 46 കി.മി.

എളയാവൂർ സോണൽ 19 കി.മീ.

എടക്കാട് സോണൽ 49 കി.മീ.

പുഴാതി സോണൽ 18 കി.മീ.

പള്ളിക്കുന്ന് സോണൽ 12 കി.മീ.