ആരോഗ്യവകുപ്പ് നിയമന തട്ടിപ്പിൽ നടപടി; അഭിഭാഷകൻ റയിസ് അറസ്റ്റിൽ
തിരുവനന്തപുരം:ആരോഗ്യമന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെട്ട നിയമന തട്ടിപ്പിൽ ആദ്യഅറസ്റ്റ്. കോഴിക്കോട് സ്വദേശിയായ അഭിഭാഷകൻ റയിസാണ് അറസ്റ്റിലായത്. ആയുഷ് മിഷന്റെ പേരിൽ വ്യാജ ഇമെയിൽ ഉണ്ടാക്കിയത് ഇയാളാണെന്ന് അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. ഇന്ന് മണിക്കൂറുകൾ നീണ്ട ചോദ്യം ചെയ്യലിനൊടുവിലാണ് റയിസിനെ അറസ്റ്റ് ചെയ്തത്.
അതേസമയം പരാതിക്കാരനായ ഹരിദാസന്റെ സുഹൃത്തും എഐഎസ്എഫ് മലപ്പുറം ജില്ലാ മുൻ നേതാവുമായ കെ.പി ബാസിതിനെ ചോദ്യംചെയ്ത ശേഷം വിട്ടയച്ചു. മലപ്പുറത്ത് നിന്നും ഇന്ന് രാവിലെയാണ് ബാസിത്തിനെയും റയിസിനെയും ഇന്ന് രാവിലെ തിരുവനന്തപുരം കന്റോൺമെന്റ് പൊലീസ് തിരുവനന്തപുരത്തെത്തിച്ച് ചോദ്യം ചെയ്തത്. കേസിലെ പ്രതികൾ ആയ അഖിൽ സജീവ്, ലെനിൻ രാജ് എന്നിവരുമായി അടുത്ത സൗഹൃദമുള്ളയാളാണ് അറസ്റ്റിലായ റയിസ്.
അതേസമയം പരാതിക്കാരനായ ഹരിദാസ് ഇന്ന് ചോദ്യം ചെയ്യലിന് ഹാജരായില്ല. ഇദ്ദേഹത്തിന്റെ ഫോണും സ്വിച്ചോഫാണ്. ഒളിവിലാണോ എന്ന സംശയം പൊലീസിനുണ്ട്. ഹരിദാസിന്റെ മരുമകൾക്ക് ആയുഷ് മിഷനിൽ പോസ്റ്റിംഗ് ഓർഡർ ലഭിച്ചത് വ്യാജ ഇമെയിലിൽ നിന്നാണ്. ഇത് നിർമ്മിച്ചയാളാണ് റയിസ്.നിയമന തട്ടിപ്പുമായി ബന്ധമുള്ള ഗൂഢാലോചനകളിലെല്ലാം ഇയാൾക്ക് പങ്കുണ്ടെന്നാണ് കണ്ടെത്തൽ.