വ്യോമസേനയ്ക്ക് കരുത്തായി ഇരട്ട സീറ്റർ തേജസ്

Thursday 05 October 2023 12:23 AM IST

ന്യൂഡൽഹി: ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച ലൈറ്റ് കോംബാറ്റ് എയർക്രാഫ്റ്റ് (എൽ.സി.എ)​ തേജസ് യുദ്ധവിമാനത്തിന്റെ രണ്ട് പേർക്ക് സഞ്ചരിക്കാൻ കഴിയുന്ന തരത്തിലെ ആദ്യ ഇരട്ട സീറ്റർ പതിപ്പായ തേജസ് മാർക്ക് 1 - എ വ്യോമസേനയ്ക്ക് കൈമാറി. ഹിന്ദുസ്ഥാൻ എയറോനോട്ടിക്സ് ലിമിറ്റഡാണ് (എച്ച്.എ.എൽ)​ നിർമ്മിച്ചത്. എച്ച്.എ.എല്ലും വ്യോമസേനയും തമ്മിലുള്ള കരാറിന്റെ അടിസ്ഥാനത്തിലായിരുന്നു നിർമ്മാണം. നിലവിൽ എട്ട് വിമാനങ്ങളാണ് നൽകുന്നത്. വ്യോമസേനയുടെ ആവശ്യങ്ങൾക്കനുസരിച്ച് രൂപകല്പന ചെയ്‌തിരിക്കുന്ന വിമാനമാണ് ഇത്. ലോകോത്തര യുദ്ധവിമാനങ്ങൾ രൂപകല്പന ചെയ്യാനും നിർമ്മിക്കാനുള്ള കഴിവും അറിവും ഇന്ത്യക്കുണ്ടെന്ന് ഇത് തെളിയിച്ചതായി പുതിയ പതിപ്പ് അനാച്ഛാദനം ചെയ്തുകൊണ്ട് പ്രതിരോധ സഹമന്ത്രി അജയ് ഭട്ട് പറഞ്ഞു. 97 തേജസ് മാർക്ക് 1 - എ പതിപ്പുകൾക്കായുള്ള കരാർ ഈ വർഷം അവസാനത്തോടെ ഒപ്പിട്ടേക്കുമെന്ന് ചീഫ് എയർ മാർഷൽ വി.ആർ. ചൗധരി അറിയിച്ചു.

 തേജസ് മാർക്ക് 1 - എ

 ഭാരം കുറവ്

 അത്യാധുനിക സംവിധാനങ്ങളോടെ നവീകരിച്ച നാലാം തലമുറ വിമാനം

 പരിശീലനത്തിനും പോരാട്ടങ്ങൾക്കും ഒരുപോലെ മികച്ചത്

 ഒരേ സമയം ഒന്നിലധികം ദൗത്യങ്ങൾ

 സമകാലിക ആശയങ്ങളുടെയും സാങ്കേതികവിദ്യയുടെയും സംയോജനമായ രൂപകല്പന

 റിലാക്സ്ഡ് സ്റ്റാറ്റിക് - സ്റ്റെബിലിറ്റി, ക്വാഡ്രാപ്ലെക്‌സ് ഫ്ലൈ - ബൈ - ഫ്ലൈ സംവിധാനം

 പരിഷ്കരിച്ച ഗ്ലാസ് കോക്ക്പിറ്റ്, സംയോജിത ഡിജിറ്റൽ ഏവിയോണിക്സ് സംവിധാനങ്ങൾ, അത്യാധുനിക എയർഫ്രെയിം

 തദ്ദേശീയമായി വികസിപ്പിച്ച ആക്ടീവ് ഇലക്ട്രോണിക്കലി സ്കാൻഡ് അറേ ( എ.ഇ.എസ്.എ ) റഡാർ

 എല്ലാ കാലാവസ്ഥയിലും അനുയോജ്യം