ഇന്ത്യൻ പൊൻ വസന്തം,​ അമ്പെയ്ത്തിൽ ഇന്ത്യയ്ക്ക് രണ്ട് സ്വർണം കൂടി,​ സ്ക്വാഷിൽ ദീപിക- ഹരീന്ദർ സഖ്യത്തിന് സ്വർണം

Friday 06 October 2023 4:26 AM IST

സ്ക്വാഷ് മിക്സഡ് ഡബിൾസിൽ സ്വർണം നേടിയ ദീപിക പള്ളിക്കലും ഹരീന്ദർ പാൽ സിംഗും ഫൈനലിനിടെ

ഹ്വാംഗ്ചോ ഏഷ്യൻ ഗെയിംസിൽ പിന്നെയും പൊന്നിൽ തറച്ച് ഇന്ത്യൻ അമ്പുകൾ. ഇന്നലെ പുരുഷ- വനിതാ ടീമുകളുടെ കോംപൗണ്ട് അമ്പെയ്ത്ത് ഇനങ്ങളിലാണ് ഇരട്ട സ്വർണനേട്ടമുണ്ടായത്. മലയാളി താരം ദീപിക പള്ളിക്കലും ഹരീന്ദർ പാൽ സിംഗും ചേർന്ന് സ്ക്വാഷ് മിക്സഡ് ഡബിൾസിലും പൊന്നണിഞ്ഞു. ഇതോടെ ഇന്ത്യയുടെ സ്വർണനേട്ടം 21ലെത്തി. 32 വെള്ളിയും 33 വെങ്കലങ്ങളുമായി 86 മെഡലുകൾ അക്കൗണ്ടിൽ. ഇന്ത്യ നാലാം സ്ഥാനത്ത് തുടരുകയാണ്.

രാവിലെ ജ്യോതി സുരേഖ, അതിഥി ഗോപിചന്ദ്, പർനീത് കൗർ എന്നിവർ ചേർന്നാണ് ആദ്യ സ്വർണമെയ്തിട്ടത്. പിന്നാലെ ഓജസ് പ്രവീൺ, അഭിഷേക് വർമ്മ,പ്രഥമേഷ് സമാധാൻ എന്നിവർ ചേർന്ന് പുരുഷ വിഭാഗത്തിലും പൊന്നുവീഴ്ത്തി. ആർച്ചറിയിലെ ഇന്ത്യയുടെ മൂന്നാം സ്വർണമായിരുന്നു ഇത്. മലേഷ്യയ്ക്കെതിരെ പൊരുതിജയിച്ചാണ് ദീപിക - ഹരീന്ദർ സഖ്യം സ്വർണമണിഞ്ഞത്. എന്നാൽ പുരുഷ സിംഗിൾസ് ഫൈനലിൽ മലേഷ്യയുടെ എൻ ഗെേൻ യോവിനോട് തോറ്റ സൗരവ് ഘോഷാലിന് വെള്ളികൊണ്ട് തൃപ്തിപ്പെടേണ്ടിവന്നു. വനിതകളുടെ ഫ്രീ സ്റ്റൈൽ റെസ്‌ലിംഗിൽ അന്തിം പംഗൽ വെങ്കലം നേടി.