ലോഗോയ്ക്ക് പിന്നാലെ വമ്പൻ മാറ്റവുമായി എ350, ഫസ്റ്റ് ലുക്ക് പുറത്തിറക്കി എയർഇന്ത്യ

Saturday 07 October 2023 12:25 PM IST

ന്യൂഡൽഹി: എ350യുടെ പുത്തൻ ലുക്ക് പുറത്തിറക്കി എയർ ഇന്ത്യ. ഇന്ത്യൻ ഗവൺമെന്റിന്റെ ഉടമസ്ഥതയിലുണ്ടായിരുന്ന എയർ ഇന്ത്യയെ 2022 ജനുവരിയോടുകൂടിയാണ് ടാ​റ്റാ സൺസ് പൂർണമായും സ്വന്തമാക്കിയത്. ഇപ്പോഴിതാ എയർ ഇന്ത്യ അതിന്റെ ലോഗോയ്ക്ക് ശേഷം പുതിയ ഡിസൈനും രൂപവുമെല്ലാം മാറ്റിയിരിക്കുകയാണ്. എ350യുടെ പുത്തൻ ലുക്ക് എയർഇന്ത്യ ഔദ്യോഗിക എക്സ് പേജിലാണ് പങ്കുവച്ചിരിക്കുന്നത്.

ഡിസംബർ - ഫെബ്രുവരി മാസങ്ങളിൽ എ350യുടെ സർവ്വീസ് ആരംഭിക്കുമെന്നും എയർലൈൻ അറിയിച്ചു. എ350യുടെ നിർമ്മാണം പൂർത്തിയാക്കിയിരിക്കുന്നത് ഫ്രാൻസിലെ ടൗലൗസിൽ നിന്നുമാണ്. ഇതോടെ എ350യുടെ ഇന്ത്യയുടെ പുത്തൻ ലുക്ക് വാർത്തകളിൽ ഇടം പിടിക്കുകയാണ്. 'ഇതാണ് എ350യുടെ പുത്തൻ ലുക്കെന്നും ഡിസംബർ - ഫെബ്രുവരി മാസങ്ങളിൽ എ350യുടെ സർവ്വീസ് ആരംഭിക്കുമെന്നും 'എന്നാണ് അധികൃതർ എക്സിൽ കുറിച്ചത്.

പുത്തൻ മോഡലിന്റെ പുതിയ ഫീച്ചറുകളും വിമാനത്തിന്റെ പുറം ഭാഗത്ത് വരുത്തിയ മാ​റ്റങ്ങളും ,സ്വർണനിറത്തോടുകൂടിയ കമാന ആകൃതിയിലുളള വാതിലുകളും പങ്കുവച്ച ചിത്രത്തിൽ കാണാം. വാതിലുകൾക്ക് മുകളിൽ വലത് വശത്തായി എയർഇന്ത്യയുടെ പേരും കാണാൻ സാധിക്കും. വിമാനത്തിന്റെ പിൻവശവത്തിലും കാര്യമായ മാ​റ്റം വരുത്തിയിട്ടുണ്ട്. ചുവപ്പ്, സ്വർണ നിറം, പർപ്പിൾ എന്നി നിറങ്ങൾ ചേർന്നതും കൂടാതെ ഓറഞ്ച് നിറത്തോട് കൂടിയ വരയും വിമാനത്തിന്റെ പുറം ഭാഗത്ത് കാണാം.

എയർഇന്ത്യ വിമാനങ്ങളുടെ അ​റ്റക്കു​റ്റപ്പണികൾ ചെയ്യുന്നതിനാവശ്യമായി പത്ത് ലക്ഷത്തോളം വരുന്ന എഞ്ചീനീയറിംഗ് സാമഗ്രഹികൾ സംഭരിക്കുന്നതിന് ഡൽഹിയിൽ ഒരു കൂറ്റൻ വെയർഹൗസ് തന്നെ സജ്ജമാക്കിയിട്ടുണ്ടെന്നും വെളളിയാഴ്ച എയർഇന്ത്യ അധികൃതർ അറിയിച്ചിരുന്നു. 54,000 ചതുരശ്ര അടി വിസ്തൃതിയിലുളള ഡൽഹി എയർപോർട്ടിന്റെ കാർഗോ കോംപ്ളക്സിന് അടുത്തുളള ടെർമിനൽ മൂന്നിന് സമീപം സ്ഥിതി ചെയ്യുന്ന വെയർഹൗസിന് വിമാനങ്ങൾ ലാൻഡ് ചെയ്ത് തിരികെ പോകാനെടുക്കുന്ന സമയം കുറയ്ക്കാൻ സഹായിക്കുമെന്നും അധികൃതർ അറിയിച്ചു.