ഇസ്രയേൽ തിരിച്ചടിയിൽ അഗ്നിഗോളമായി ഗാസ; എങ്ങും തീ മഴ, യുദ്ധഭൂമിയിലുള്ളത് മലയാളികൾ ഉൾപ്പെടെ നിരവധി ഇന്ത്യക്കാർ

Sunday 08 October 2023 7:20 AM IST

ഗാസ: പാലസ്തീൻ തീവ്രവാദി ഗ്രൂപ്പായ ഹമാസിന്റെ അപ്രതീക്ഷിത ആക്രമണത്തിനുള്ള തിരിച്ചടി ഇസ്രയേൽ ശക്തമാക്കി. ഇതുവരെ ഹമാസിന്റെ 17 കേന്ദ്രങ്ങൾ തകർത്തുവെന്ന് ഇസ്രായേൽ അവകാശപ്പെട്ടു.കനത്ത തിരിച്ചടി ഉണ്ടാകുമെന്ന് ഇസ്രായേൽ പ്രധാനമന്ത്രി പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ഹമാസിന്റെ നിയന്ത്രണത്തിലുള്ള ഗാസയിൽ അതിശക്തമായ വ്യോമാക്രമണം ആരംഭിച്ചത്. മരണ സംഖ്യ ഇനിയും ഉയർന്നേക്കുമെന്നാണ് സൂചന. വീണ്ടും വ്യോമാക്രമണം നടത്താനുള്ള തയ്യാറെടുപ്പിലാണ് ഇസ്രയേൽ, ഗാസയിലെ ഏഴു മേഖലകളിൽ നിന്ന് ഒഴിഞ്ഞുപാേകാൻ ജനങ്ങൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. ശക്തമായ തിരിച്ചടി തുടരുമെന്ന് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു നേരത്തേ വ്യക്തമാക്കിയിരുന്നു. അതേസമയം, ഇസ്രയേലിന് എല്ലാ പിന്തുണയും വാഗ്ദാനം ചെയ്ത് അമേരിക്ക രംഗത്തെത്തിയിട്ടുണ്ട്. പ്രസിഡന്റ് ജാേ ബൈഡൻ ഇസ്രായേൽ പ്രധാനമന്ത്രിയുമായി ഫോണിൽ സംസാരിച്ചു. ഇന്ത്യയും ഇസ്രയേലിന് പിന്തുണ പ്രഖ്യാപിച്ചു.

അതിനിടെ, ഹമാസ് നടത്തിയ ആക്രമണത്തിൽ മരിച്ചവരുടെ എണ്ണം മുന്നൂറു കവിഞ്ഞെന്നാണ് റിപ്പോർട്ടുകൾ. പട്ടാളക്കാരും സ്ത്രീകളും കുട്ടികളും ഉൾപ്പടെ നിരവധി പേർ തീവ്രവാദികളുടെ പിടിയിലാണ്. കരയിലൂടെയും കടലിലൂടെയും മാത്രമല്ല, പാരാ ഗ്ളൈഡേഴ്സിനെ ഉപയോഗിച്ച് ആകാശമാർഗവും കടന്നു കയറുകയായിരുന്നു ഹമാസ്. കണ്ണിൽ കണ്ടവരെയെല്ലാം വെടിവച്ചു കൊല്ലാനും തുടങ്ങി. ബന്ദികളാക്കിയവരെ ക്രൂരമായി മർദ്ദിക്കുകയും പലരെയും ഗാസയിലേക്ക് ബലമായി കൊണ്ടുപോവുകയും ചെയ്തു. ഇസ്രയേലിലെ പല പട്ടണങ്ങളും ഹമാസ് പിടിച്ചെടുത്തെന്നാണ് റിപ്പോർട്ട്. അവർ ഇസ്രയേലി സൈനികരെ ആക്രമിക്കുകയും സൈനിക വാഹനങ്ങൾക്ക് തീവയ്ക്കുകയും ചെയ്‌തു.

ഇരുപക്ഷത്തും റോക്കറ്റുകൾ പതിച്ച് കെട്ടിടങ്ങളും വാഹനങ്ങളും അഗ്നിഗോളങ്ങളായി.ഇരുപത് മിനിറ്റിൽ 5000 റോക്കറ്റുകൾ ഇസ്രയേലിലേക്ക് പ്രയോഗിച്ചതായി ഹമാസിന്റെ സൈനിക വിഭാഗം നേതാവ് മുഹമ്മദ് ഡീഫ് അറിയിച്ചു.ഇസ്രയേലിലെ ആശുപത്രികളിൽ പരിക്കേറ്റ നൂറുകണക്കിന് പേരെ എത്തിച്ചിട്ടുണ്ട്. നിരവധി പേരുടെ നില ഗുരുതരമാണ്. യുദ്ധം പൊട്ടിപ്പുറപ്പെട്ടതോടെ ഗാസ അതിർത്തിയിലെ നൂറുകണക്കിന് ആളുകൾ പലായനം ചെയ്‌തു.‌ തെക്കൻ ഇസ്രയേലിലെ വിമാനത്താവളങ്ങൾ അടച്ചു. ജനങ്ങൾ ബോംബ് ഷെൽട്ടറുകൾക്ക് സമീപം തുടരാൻ ഇസ്രയേൽ സൈന്യം ആവശ്യപ്പെട്ടു. എമ്പാടും വ്യോമാക്രമണ മുന്നറിയിപ്പിന്റെ സൈറനുകൾ മുഴങ്ങുന്നുണ്ട്.


ഹമാസിന്റെ സൈനിക വിഭാഗമായ അൽ ഖാസം ബ്രിഗേഡും പാലസ്തീൻ ഇസ്ലാമിക് ജിഹാദ് എന്ന പാരാമിലിട്ടറി സേനയും സംയുക്തമായാണ് ആക്രമണം നടത്തുന്നത്. ഇസ്രയേൽ പ്രതിരോധ സേനയുടെ ( ഐ.ഡി.എഫ് )​ ജനറൽ നിംറോദ് ഇലോണിയെ ഹമാസ് പിടികൂടി. ഇസയേലിന്റെ അതിർത്തി ചുമതലയുള്ള പ്രാദേശിക കൗൺസിൽ മേധാവി ഓഫീർ ലീബ്സ്റ്റീനും കൊല്ലപ്പെട്ടവരിൽ ഉൾപ്പെടുന്നു.പതിനഞ്ചിലേറെ കേന്ദ്രങ്ങളിൽ ഇരുസേനകളും ഏറ്റുമുട്ടൽ തുടരുകയാണ്. ഗാസ അതിർത്തിയിൽ ഇസ്രയേൽ ആയിരക്കണക്കിന് റിസർവ് ഭടന്മാരെ വിന്യസിച്ചു.

ഇ​ന്ത്യ​ക്കാ​ർ​ക്ക് ജാ​ഗ്ര​താ​ ​നി​ർ​ദ്ദേ​ശം


ന്യൂ​ഡ​ൽ​ഹി​:​ഇസ്രയേലിലെ ഇന്ത്യക്കാരോട് ജാഗ്രത പാലിക്കാൻ കേന്ദ്ര സർക്കാർ നിർദ്ദേശം നൽകി.മലയാളികൾ അടക്കം ഇന്ത്യക്കാർ താമസിക്കുന്ന മേഖലയിലാണ് യുദ്ധം. 18000 ഇന്ത്യക്കാർ യുദ്ധമേഖലകളിൽ ഉണ്ടെന്നാണ് റിപ്പോർട്ട്. പുറത്തിറങ്ങരുതെന്നും ബങ്കറുകളിൽ അഭയം തേടാനും എല്ലാവരോടും ആവശ്യപ്പെട്ടിരിക്കുകയാണ് സർക്കാർ. സാഹചര്യം നിരീക്ഷിച്ചശേഷമാകും ഇന്ത്യക്കാരെ ഒഴിപ്പിക്കുന്ന കാര്യത്തിൽ തീരുമാനമുണ്ടാകൂ. സുരക്ഷ മുൻനിറുത്തി ​ഇസ്രയേലിലേക്കുള്ള സർവീസുകൾ എയർ ഇന്ത്യ നിറുത്തലാക്കിയിട്ടുണ്ട്.

​കൂ​ടു​ത​ൽ​ ​വി​വ​ര​ങ്ങ​ൾ​ക്ക്,​ ​ഇ​സ്ര​യേ​ലി​ ​ഹോം​ ​ഫ്ര​ണ്ട് ​ക​മാ​ൻ​ഡ് ​വെ​ബ്സൈ​റ്റ് ​(​o​r​e​f.​o​r​g.​i​l​/​e​n​)​ ​​ ​കാ​ണു​ക.​ ​അ​ടി​യ​ന്ത​ര​ ​സാ​ഹ​ച​ര്യ​ങ്ങ​ളി​ൽ​ ​​+97235226748​ ​എ​ന്ന​ നമ്പറി​ൽ ബന്ധപ്പെടാം.

ദു​ഷ്‌​ക​ര​മാ​യ​ ​സ​മ​യ​ത്ത് ​ഇ​ന്ത്യ​ ​ഇ​സ്ര​യേ​ലി​നൊ​പ്പം​ ​നി​ല​കൊ​ള്ളു​ന്നു.​ ​ഇ​ന്ത്യ​യു​ടെ​ ​ചി​ന്ത​ക​ളും​ ​പ്രാ​ർ​ത്ഥ​ന​ക​ളും​ ​നി​ര​പ​രാ​ധി​ക​ളാ​യ​ ​ഇ​ര​ക​ൾ​ക്കും​ ​അ​വ​രു​ടെ​ ​കു​ടും​ബ​ങ്ങ​ൾ​ക്കും​ ​ഒ​പ്പ​മാ​ണ്.​ ​
-​ ​പ്ര​ധാ​ന​മ​ന്ത്രി​ ​ന​രേ​ന്ദ്ര​മോ​ദി