യുവതികൾ ആവശ്യപ്പെട്ടാൽ ഏത് പാതിരാത്രിയിലും സാധനം റെഡി, ഫ്രീ ടെസ്റ്റ് ഡോസ് പടയപ്പയുടെ പ്രത്യേകത

Sunday 08 October 2023 11:06 AM IST

കൊച്ചി: ടെസ്റ്റ് ഡോസ് സൗജന്യം. ആവശ്യക്കാരന് പാതിരാത്രിയിലും 'സാധനം' എത്തിക്കും. ലഹരിമരുന്നായ നൈട്രോസെപാം ഗുളികൾ ജില്ലയാകെ വില്പന നടത്തിവന്ന 'പടയപ്പ ബ്രദേഴ്‌സ്' ഒടുവിൽ എക്‌സൈസ് പിടിയിൽ. എറണാകുളം എളംകുളം ഐശ്വര്യ ലൈനിൽ പണ്ടാതുരുത്തി വീട്ടിൽ വിഷ്ണു പ്രസാദ് (29) എറണാകുളം ഏലൂർ ഡിപ്പോ സ്വദേശി പുന്നക്കൽ വീട്ടിൽ ടോമി ജോർജ് (35) എന്നിവരാണ് പിടിയിലായത്. മയക്കുമരുന്ന് ഇടപാടിന് ഉപയോഗിച്ചിരുന്ന രണ്ട് സ്മാർട്ട് ഫോണുകളും ടോമിയുടെ ബൈക്കും എക്‌സൈസ് കസ്റ്റഡിയിൽ എടുത്തു. ഇന്റലിജൻസ് വിവരത്തെ തുടർന്ന് ഇവർ എക്‌സൈസ് നിരീക്ഷണത്തിലായിരുന്നു.

ചുരുങ്ങിയ കാലംകൊണ്ടാണ് വിഷ്ണുപ്രസാദും ടോമി ജോർജും ജില്ലയിലെ ലഹരിമരുന്ന് വില്പനക്കാർക്കിടയിലെ ഏറ്റവും കുപ്രസിദ്ധരായത്.പടയപ്പ ബ്രദേഴ്‌സ് എന്നകോഡിലാണ് ഇവർ ഗുളികകൾ വിറ്റിരുന്നത്. വിഷ്ണുപ്രസാദിന്റെ കൈയിൽ നിന്ന് 50 ഗുളികകളും ടോമിയുടെ പക്കൽ നിന്ന് 80 ഗുളികകളുമാണ് പിടിച്ചെടുത്തതത്. ചേരാനെല്ലൂർ സിഗ്നലിന് പടിഞ്ഞാറ് വശത്തെ അണ്ടർ പാസിന് സമീപം മയക്കുമരുന്ന് ഗുളികകൾ കൈമാറ്റം ചെയ്യാനെത്തിയ വിഷ്ണുവിനെയാണ് എക്‌സൈസ് ആദ്യം പൊക്കിയത്. മയക്കുമരുന്നുകൾ ഉപേക്ഷിച്ച് ഓടിരക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും കീഴ്‌പ്പെടുത്തി. ചോദ്യം ചെയ്യലിലാണ് മൊത്ത വിതരണക്കാരനായ ടോമി ജോർജിനെ കുറിച്ച് വെളിപ്പെടുത്തിയത്. തുടർന്ന് പാതാളം ഇ.എസ്.ഐ ജംഗ്ഷന് സമീപം ആവശ്യക്കാരെ കാത്തുനിൽക്കുകയായിരുന്ന ടോമി ജോർജിനെയും കൈയോടെ പിടികൂടി. ഈസമയം ലഹരിയുടെ ഉന്മാദത്തിലായിരുന്നു ഇയാൾ. സ്‌പെഷ്യൽ സ്‌ക്വാഡ് സി.ഐ എം.സജീവ് കുമാർ, ഇൻസ്‌പെക്ടർ കെ.പി. പ്രമോദ് . ഇന്റലിജൻസ് പ്രിവന്റീവ് ഓഫീസർ എൻ.ജി. അജിത്ത്കുമാർ, പ്രിവന്റീവ് ഓഫീസർ എം.ടി. ഹാരിസ്, സിറ്റി മെട്രോ ഷാഡോ സി.ഇ.ഒ എൻ.ഡി. ടോമി, എ. ജയദേവൻ, വനിത സി.ഇ.ഒ അഞ്ജു ആനന്ദൻ എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ കസ്റ്റഡിയിലെടുത്തത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.

പ്രധാന ഇരകൾ വിദ്യാർത്ഥികൾ
നഗരത്തിൽ ഹോസ്റ്റലുകളിൽ തങ്ങുന്ന വിദ്യാർത്ഥികളും യുവതികളുമാണ് പടയപ്പ ബ്രദേഴ്‌സിന്റെ മുഖ്യ ഇടപാടുകാർ. ആദ്യമായി ഉപയോഗിക്കുന്നവർക്ക് സൗജന്യമായി 'ടെസ്റ്റ് ഡോസ് ' നൽകുന്നതാണ് ഇവരുടെ രീതി. ഗുളികകൾ കഴിച്ചാൽ എച്ച്.ഡി വിഷനിൽ വിവിധ വർണ്ണങ്ങളിൽ കാഴ്ചകൾ കാണാൻ കഴിയുമെന്നും കണ്ണുകൾക്ക് കൂടുതൽ തെളിച്ചം കിട്ടുമെന്നും കൂടുതൽ സമയം ഉന്മേഷത്തോടെ പ്രവർത്തിക്കാൻ കഴിയുമെന്നും തെറ്റിദ്ധരിപ്പിച്ചാണ് വിദ്യാർത്ഥികൾ അടക്കമുള്ളവരെ ആകർഷിച്ചിരുന്നത്.ചെറിയ തോതിലെ ഉപയോഗം പോലും ഉന്മാദത്തിലാഴ്ത്തുമെന്നതാണ് വിദ്യാർത്ഥികൾ അടക്കമുള്ളവർ ഇതിൽ ആകൃഷ്ടരാകാൻ കാരണം.

സേലം കോയമ്പത്തൂർ വഴി
ട്രിപ്ലിക്കേറ്റ് പ്രിസ്‌ക്രിപ്ഷൻ വഴി ലഭിക്കുന്ന നൈട്രോസെപാം ഗുളികകൾ സേലം, കോയമ്പത്തൂർ എന്നിവിടങ്ങളിൽ നിന്ന് കടത്തിക്കൊണ്ടുവന്നാണ് ഇവർ വില്പന നടത്തിയിരുന്നതെന്നാണ് പ്രാഥമിക നിഗമനം. ആറ് രൂപ വിലയുള്ള ഒരു ഗുളിക 100 രൂപയ്ക്കാണ് വിറ്റിരുന്നത്. നീണ്ട ഇടവേളയ്ക്ക് ശേഷമാണ് ജില്ലയിൽ ഇത്രയും അധികം നൈട്രോസെപാം ഗുളിക പിടികൂടുന്നത്. നേരത്തെ വ്യാജ കുറിപ്പടി ഉപയോഗിച്ച് മെഡിക്കൽ സ്റ്റോറുകളിൽ നിന്ന് ഇത്തരം ഗുളികകൾ വാങ്ങുന്നത് വ്യാപകമായതോടെ എക്‌സൈസ് പരിശോധന കർശനമാക്കിയിരുന്നു.

Advertisement
Advertisement