ജിത്തു അഷ്റഫിന്റെ ചിത്രത്തിൽ ചാക്കോച്ചൻ

Tuesday 10 October 2023 2:56 AM IST

നവാഗതനായ ജിത്തു അഷ്റഫ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ കുഞ്ചാക്കോ ബോബൻ നായകൻ. ജോസഫ്, നായാട്ട് എന്നീ ചിത്രങ്ങളുടെ തിരക്കഥാകൃത്തും ഇലവീഴാപ്പൂഞ്ചിറ എന്ന ചിത്രത്തിന്റെ രചയിതാവും സംവിധായകനുമായ ഷാഹി കബീർ തിരക്കഥ ഒരുക്കുന്നു എന്നാണ് വിവരം. ചിത്രത്തെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ അണിയറ പ്രവർത്തകർ ഉടൻ പ്രഖ്യാപിക്കും. നായാട്ട്, ഉദാഹരണം സുജാത, ഭ്രമം, ആക്ഷൻ ഹീറോ ബിജു തുടങ്ങിയ ചിത്രങ്ങളിൽ അസോസിയേറ്റ് ഡയറക്ടറായി ജിത്തു അഷ്റഫ് പ്രവർത്തിച്ചിട്ടുണ്ട്. നായാട്ട്, ഇലവീഴാപ്പൂഞ്ചിറ എന്നീ ചിത്രങ്ങളിൽ ശ്രദ്ധേയ കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്.

അതേസമയം അമൽ നീരദ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ അടുത്ത ഷെഡ്യൂളിൽ ജോയിൻ ചെയ്യാൻ ഒരുങ്ങുകയാണ് കുഞ്ചാക്കോ ബോബൻ. പ്രതിനായകവേഷത്തിലാണ് ചാക്കോച്ചൻ എത്തുന്നത്. മാർട്ടിൻ പ്രക്കാട്ടിന്റെ ചിത്രത്തിലാണ് തുടർന്ന് അഭിനയിക്കുക. നായാട്ടിനുശേഷം മാർട്ടിൻ പ്രക്കാട്ടും ചാക്കോച്ചനും വീണ്ടും ഒരുമിക്കുകയാണ്. ബിജു മേനോൻ ആണ് മറ്റൊരു പ്രധാന താരം.

ലിജോ ജോസ് പെല്ലിശേരിയുടെ ചിത്രത്തിൽ മഞ്ജു വാര്യർക്കൊപ്പം കുഞ്ചാക്കോ ബോബൻ അഭിനയിക്കുന്നുണ്ട്. പുതുവർഷത്തിൽ മമ്മൂട്ടി- മഹേഷ് നാരായണൻ ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുന്നു. ഫെബ്രുവരിയിൽ വിദേശ രാജ്യങ്ങളിലാണ് ചിത്രീകരണം.ബിഗ് ബഡ്ജറ്റിൽ ഒരുങ്ങുന്ന ചിത്രത്തിൽ വൻതാരനിര അണിനിരക്കുന്നു. അറിയിപ്പിനുശേഷം കുഞ്ചാക്കോ ബോബൻ മഹേഷ് നാരായണൻ ചിത്രത്തിന്റെ ഭാഗമാവുന്നു എന്ന പ്രത്യേകതയുണ്ട്.