വഴി ശരിയാക്കി വീണ്ടും ആദിത്യ
തിരുവനന്തപുരം: ലെഗ്രാഞ്ച് പോയിന്റിലേക്ക് നീങ്ങുന്ന ഇന്ത്യയുടെ ആദിത്യ എൽ-1 പേടകം യാത്രാപഥം ഒന്നുകൂടി ശരിപ്പെടുത്തി. ദിശയിൽ വന്ന നേരിയ വ്യതിയാനമാണ് ബാംഗ്ളൂരിലെ മിഷൻ കൺട്രോൾ കേന്ദ്രം തിരുത്തിയത്.
പേടകത്തിലെ ഇന്ധന ത്രസ്റ്ററുകൾ 16 സെക്കൻഡ് ജ്വലിപ്പിച്ചായിരുന്നു 'ട്രാജക്റ്ററി കറക്ഷൻ മാനൂവർ."
ഭൂമിയിൽ നിന്ന് 15ലക്ഷം കിലോമീറ്റർ അകലെയാണ് ലെഗ്രാഞ്ച് ഒന്നാം പോയിന്റ്. അവിടെ വലംവച്ചുകൊണ്ട് സൂര്യനെ നിരീക്ഷിക്കുകയാണ് ആദിത്യയുടെ ദൗത്യം. സെപ്തംബർ രണ്ടിനാണ് ശ്രീഹരിക്കോട്ടയിൽ നിന്ന് ആദിത്യ എൽ-1 വിക്ഷേപിച്ചത്.
ഭൂമിയിൽ നിന്ന് 50000കിലോമീറ്റർ അകലെ എത്തിയപ്പോൾ മുതൽ സൂര്യനിൽ നിന്നുള്ള പ്രകാശതാപകിരണങ്ങൾ ഉണ്ടാക്കുന്ന തൻമാത്രാ രാസോർജ്ജമാറ്റങ്ങളെ കുറിച്ച് പഠിക്കാൻ തുടങ്ങിയിരുന്നു. ഇനി കാന്തികരാസമാറ്റങ്ങൾ പഠിക്കാൻ തുടങ്ങുമെന്ന് ബാംഗ്ളൂരിലെ മിഷൻ കൺട്രോൾ കേന്ദ്രം അറിയിച്ചു.
ആദിത്യയെ നിയന്ത്രിക്കാനും നിരീക്ഷിക്കാനും ബാംഗ്ളൂരിന് പുറമെ ആൻഡമാനിലും ഫിജിയിലും ഐ.എസ്.ആർ.ഒയ്ക്ക് നിയന്ത്രണസംവിധാനങ്ങളുണ്ട്.