അമിതവണ്ണവും പ്രമേഹവും ഉളളവരാണോ നിങ്ങൾ? റാഗിപ്പൊടി കൊണ്ടുണ്ടാക്കിയ ഈ എനർജി ഡ്രിങ്ക് കുടിച്ചുനോക്കൂ, ഏഴ് ദിവസം കൊണ്ട് ഫലം കാണാം

Tuesday 10 October 2023 4:57 PM IST

പ്രമേഹവും അമിതവണ്ണവും പലരെയും ഒരു പോലെ അലട്ടുന്ന പ്രശ്നങ്ങളാണ്. അതുകൊണ്ടുത്തന്നെ ഇവ പരിഹരിക്കാനായി ഭക്ഷണത്തിൽ പലതരത്തിലുളള നിയന്ത്രണങ്ങളും ചെയ്യാറുണ്ട്. ഇഷ്ടമില്ലാത്ത ഭക്ഷണങ്ങൾ കഴിക്കാൻ നമ്മൾ നിർബന്ധിതരാകാറുണ്ടല്ലോ. എന്നാൽ അതിനുളള പരിഹാരം ഇവിടെയുണ്ട്.

പ്രമേഹമുളളവർക്കും അമിതവണ്ണമുളളവർക്കും ഒരു പോലെ ഗുണം ചെയ്യുന്ന റാഗി ഉപയോഗിച്ചുണ്ടാക്കുന്ന ഒരു എനർജി ഡ്രിങ്ക് തയ്യാറാക്കുന്നത് എങ്ങനെയെന്ന് നോക്കാം.

വീട്ടിൽത്തന്നെ പൊടിച്ചെടുത്ത റാഗിയാണ് ഇതിന് ഉത്തമം.രണ്ട് ടീസ്‌പൂൺ റാഗി എടുത്തതിന് ശേഷം അൽപം വെളളം കൂട്ടിച്ചേർത്ത് നന്നായി യോജിപ്പിച്ചെടുക്കുക. വേറൊരു പാത്രത്തിൽ ഒരു ഗ്ലാസ് വെളളമെടുത്ത് ചൂടാക്കുക. വെളളം തിളക്കുമ്പോൾ അതിലേക്ക് യോജിപ്പിച്ച് വച്ചിരിക്കുന്ന റാഗി ചേർക്കുക. അത് കുറുകുന്നത് വരെ ഇളക്കികൊണ്ടിരിക്കുക. ഏകദേശം അഞ്ച് മുതൽ ആറ് മിനിട്ട് വരെ ഇളക്കുക.ശേഷം തണുക്കാൻ മാ​റ്റി വയ്ക്കുക. ഈ മിശ്രിതത്തെ ജലാംശം ഒട്ടുമില്ലാത്ത ഒരു ജാറിലേക്ക് മാ​റ്റുക. അതിലേക്ക് രണ്ട് ടീസ്പൂൺ ചിരകിയ തേങ്ങയും കനം കുറച്ച് അരിഞ്ഞെടുത്ത ക്യാര​റ്റും ചേർത്ത് അൽപം വെളളമൊഴിച്ച് നന്നായി അരച്ചെടുക്കുക.ഇതിലേക്ക് മധുരത്തിന് വേണ്ടി വേറൊന്നും ചേർക്കേണ്ടതില്ല. ക്യാര​റ്റിന്റെ മധുരം തന്നെ മതിയാകും.

പ്രമേഹമുളളവർക്കും അമിതവണ്ണമുളളവർക്കും പ്രഭാത ഭക്ഷണമായും രാത്രി ഭക്ഷണമായും ഈ ‌‌ഡ്രിങ്ക് കുടിക്കാവുന്നതാണ്.