നഗരസഭ കാണുന്നില്ലേ ഈ കടമുറികളിലെ ദുരിത ജീവിതം

Wednesday 11 October 2023 1:17 AM IST

കോട്ടയം : ഭിത്തിയും, മേൽക്കൂരയും പൊട്ടിപ്പൊളിഞ്ഞു. ഏത് നിമിഷവും നിലംപതിക്കാം. ഭീതിയോടെയാണ് വ്യാപാരികൾ ഇവിടെ കച്ചവടം ചെയ്യുന്നത്. വൻദുരന്തത്തിന് നഗരസഭ കാത്തിരിക്കുകയാണോയെന്നാണ് ഇവരുടെ ചോദ്യം. നാഗമ്പടം സ്റ്റേഡിയത്തിന്റെ ഗാലറിയ്ക്കടിയിലെ കടമുറികളാണ് അപകടഭീഷണി ഉയർത്തുന്നത്. ഇവ അപകടാവസ്ഥയിലായിട്ട് വർഷങ്ങളായിട്ടും അറ്റകുറ്റപ്പണികൾ നടത്തുന്നതിന് വേണ്ട നടപടികൾ ഉണ്ടാകുന്നില്ല. വാഹന വർക്ക് ഷോപ്പുകൾ, ഹെൽമറ്റ് കടകൾ, പെറ്റ് ഷോപ്പ്, കൂൾ ബാർ, ടൂവീലർ സെക്കൻഡ് സെയിൽ, ആക്രിക്കട തുടങ്ങി നിരവധി സ്ഥാപനങ്ങളാണ് ഇവിടെ പ്രവർത്തിക്കുന്നത്. സ്റ്റേഡിയത്തിന്റെ ഗാലറി പണിത കാലം മുതൽ ഇവിടെ സ്ഥാപനം നടത്തുന്നവരുണ്ട്.

വാടക മേടിക്കാൻ മാത്രം ഉത്സാഹം കടമുറികളുടെ മേൽഭാഗത്തെ കോൺക്രീറ്റ് അടർന്ന് വീണു. പലയിടത്തും കമ്പികൾ പുറത്തേക്ക് തള്ളിയ നിലയിലാണ്. മഴക്കാലത്ത് വെള്ളവും ഇരച്ചുകയറും. വെള്ളപ്പൊക്കമാകുമ്പോൾ സാധനങ്ങൾ മറ്റിടങ്ങളിലേക്ക് മാറ്റുകയാണ് ചെയ്യുന്നത്. വാടക കൃത്യമായി മേടിക്കുന്നതല്ലാതെ കടമുറിയുടെ ശോച്യാവസ്ഥ പറയുമ്പോൾ നഗരസഭയ്ക്ക് മറുപടിയില്ലെന്ന് കച്ചവടക്കാർ പറയുന്നു. ഇടിഞ്ഞുവീഴാറായ മുറിയാണെങ്കിലും മറ്റ് വഴികളില്ലാത്തതിനാൽ പലരും ഇവിടെ കഴിഞ്ഞ് കൂടുകയാണ്.

''നിരവധിത്തവണ നഗരസഭയോട് പരാതി പറഞ്ഞതാണ്. എന്നിട്ടും ഒരു നടപടിയുമില്ല. ഇനി ഞങ്ങൾ ആർക്കാണ് പരാതി കൊടുക്കേണ്ടത്. ഭീതിയോടെയാണ് ഓരോ ദിവസവും തള്ളിനീക്കുന്നത്. കനത്തമഴയിലും കാറ്റിലും നെഞ്ചിനുള്ളിൽ തീയാണ്.

-കച്ചവടം ചെയ്യുന്നയാൾ