മണമ്പൂരിൽ മോഷണം പെരുകുന്നു

Wednesday 11 October 2023 1:11 AM IST

കല്ലമ്പലം: മണമ്പൂർ പഞ്ചായത്തിലെ കവലയൂരിലും പരിസര പ്രദേശങ്ങളിലും മോഷണവും മോഷണ ശ്രമങ്ങളും പെരുകുന്നതായി പരാതി. നാട്ടുകാരും വ്യാപാരികളും പൊലീസിൽ പരാതി നൽകിയിട്ടും നടപടിയില്ലെന്നാണ് ആക്ഷേപം. കവലയൂർ വില്വമംഗലം മണികണ്ഠസ്വാമി ക്ഷേത്രത്തിലെ കാണിക്കവഞ്ചി തകർത്ത് പണം കവർന്നതും ഇതേ ക്ഷേത്രത്തിന്റെ കവലയൂർ ജംഗ്ഷനിൽ സ്ഥാപിച്ചിരുന്ന കാണിക്ക വഞ്ചി തകർത്തു മോഷണം നടത്തിയതും ശനിയാഴ്ച രാത്രിയിലാണ്.

കൂടാതെ സമീപത്തെ പടിഞ്ഞാറ്റതിൽ ദേവീക്ഷേത്രം, വെള്ളിയാഴ്ച കാവ് എന്നിവിടങ്ങളിലും കാണിക്കവഞ്ചി കവർന്നു. പ്രദേശത്തെ ചില വീടുകൾ കേന്ദ്രീകരിച്ച് ഇതേ ദിവസവും ഇതിനുമുമ്പും മോഷണശ്രമങ്ങളും നടന്നു. വീട്ടുകാർ ഉണർന്നതോടെ മോഷ്ടാക്കൾ ഓടി രക്ഷപ്പെടുകയായിരുന്നു. പൊലീസ് സ്ഥലം സന്ദർശിച്ച് മടങ്ങി പോകുന്നതല്ലാതെ തുടർനടപടികൾ ഇല്ലെന്നാണ് പരാതി. രാത്രികാല പട്രോളിംഗ് ഇല്ലാത്തതും മോഷണം പെരുകാൻ ഇടയാക്കുന്നതായി ആക്ഷേപമുണ്ട് . പ്രദേശത്തെ ചില സ്ഥലങ്ങൾ കേന്ദ്രീകരിച്ച് രാത്രികാല മദ്യപാനവും ലഹരിവസ്തുക്കളുടെ ഉപയോഗവും നടന്നുവരുന്നതായി പ്രദേശവാസികൾ പറഞ്ഞു.