ഇ - ബസുകൾ നഗരത്തിലെ ഗതാഗതത്തിരക്ക് കുറയ്ക്കും, യാത്രാച്ചെലവും
തൃശൂർ: നഗരങ്ങളിൽ സർവീസ് നടത്താൻ പ്രധാനമന്ത്രി ഇ - ബസ് സേവ പദ്ധതി പ്രകാരം കേന്ദ്രം അനുവദിച്ച 950 വൈദ്യുത ബസുകളിൽ, തൃശൂരിന് 100 എണ്ണം ലഭിക്കും. ഇതോടെ തൃശൂർ നഗത്തിലെ പൊതുഗതാഗതം കൂടുതൽ ശക്തിപ്പെടും. ചെറിയ ദൂരത്തേക്കുള്ള യാത്രയ്ക്കുപോലും രണ്ട് ബസ് കയറിയിറങ്ങുകയോ ഓട്ടോയെ ആശ്രയിക്കുകയോ ചെയ്യുന്ന അവസ്ഥയ്ക്ക് സിറ്റി സർവീസുകൾ തുടങ്ങുന്നതോടെ മാറ്റം വരും. ബസ് സ്റ്റാൻഡുകൾ വികേന്ദ്രീകരിക്കപ്പെടുന്നതിനാൽ, നഗരത്തിലെ സ്റ്റാൻഡുകളിൽ ദീർഘദൂര ബസുകൾ മാത്രമാകും. വൈദ്യുതവാഹനങ്ങൾ പോലെ പരിസ്ഥിതി സൗഹൃദമായ സുസ്ഥിര ഗതാഗത മാതൃകകൾ അന്തരീക്ഷ മലിനീകരണവും കുറയ്ക്കാൻ സഹായകമാകും.
സിറ്റി സർവീസുകൾ ഇല്ലാത്ത ഏക കോർപറേഷൻ
സംസ്ഥാനത്ത് സിറ്റി സർവീസുകളില്ലാത്ത കോർപറേഷനാണ് തൃശൂർ. അതിനാൽ നഗരത്തിൽ സിറ്റി സർവ്വീസുകളും സർക്കുലർ സർവ്വീസുകളും ആരംഭിക്കണമെന്ന ആവശ്യവും ഉയർന്നിട്ടുണ്ട്. ശക്തൻ സ്റ്റാൻഡ്, റെയിൽവേ സ്റ്റേഷൻ, പടിഞ്ഞാറെ കോട്ട, അയ്യന്തോൾ, പൂങ്കുന്നം, പാട്ടുരായ്ക്കൽ, ചെമ്പുക്കാവ്, കിഴക്കെകോട്ട തുടങ്ങിയ കേന്ദ്രങ്ങളെ ബന്ധിപ്പിച്ച് പ്രദക്ഷിണമായും അപ്രദക്ഷിണമായും സർക്കുലർ സർവീസുകൾ തുടങ്ങേണ്ടതുണ്ട്. തൃശൂരിലേക്ക് വരുന്ന ദീർഘദൂര ബസുകൾ മാത്രം നഗരത്തിൽ യാത്ര അവസാനിപ്പിച്ച് ബസ് സ്റ്റാൻഡുകളിൽ നിറുത്തിയിടാൻ അനുവദിക്കണം.
- കേരളത്തിൽ രജിസ്റ്റർ ചെയ്തിട്ടുള്ള വാഹനങ്ങൾ: 1.67 കോടി
- ഇരുചക്ര വാഹനങ്ങൾ: 1.09 കോടി
- സ്വകാര്യ കാറുകൾ: 37 ലക്ഷം
- ( 2023 മേയിലെ കണക്ക്)
നിർദ്ദേശങ്ങൾ
(തൃശൂർ റെയിൽവേ പാസഞ്ചേഴ്‌സ് അസോസിയേഷൻ ):
1. സിറ്റി ബസ് അടക്കമുള്ള പൊതുവാഹനങ്ങൾക്ക് ഏറ്റവും അവസാനം മാത്രം ഗതാഗതനിയന്ത്രണം ഏർപ്പെടുത്തുക.
2. നഗരത്തിന്റെ പ്രാന്തപ്രദേശങ്ങളിൽ നിന്നും യാത്ര ആരംഭിച്ച്, മറ്റ് പ്രദേശങ്ങളിൽ യാത്ര അവസാനിപ്പിക്കണം.
3.പ്രദക്ഷിണമായും അപ്രദക്ഷിണമായും സർക്കുലർ സർവീസുകൾ നടത്തുന്നതിന് റൂട്ടുകൾ തിരഞ്ഞെടുക്കണം.
4. രണ്ട് സ്വകാര്യ ബസ് സ്റ്റാൻഡുകൾ, ട്രാൻസ്‌പോർട്ട് സ്റ്റാൻഡ്, റെയിൽവേ സ്റ്റേഷൻ ബന്ധിപ്പിച്ച് സർവീസ് വേണം
5. വൈദ്യുത ബസുകളുടെ സർവീസുകൾക്ക് ചുരുങ്ങിയ യാത്ര നിരക്ക് 3 കിലോ മീറ്റർ ദൂരം വരെ 5 രൂപയാകാം.
6. ഓരോ രണ്ട് കിലോ മീറ്റർ വരെയുള്ള ദൂരത്തിനും 2 രൂപ വീതം ഈടാക്കാം, നിലവിലെ ഫെയർ സ്റ്റേജ് വേണ്ട
പൊതുഗതാഗതത്തിന് പ്രാമുഖ്യം നൽകി ശക്തിപ്പെടുത്തിയാൽ മാത്രമേ, ബസ് യാത്രക്കാരെ ആകർഷിക്കാനാവൂ. അതിനുള്ള അടിയന്തര നടപടികളാണ് വേണ്ടത്.
- പി. കൃഷ്ണകുമാർ, ജനറൽ സെക്രട്ടറി, തൃശൂർ റെയിൽവേ പാസഞ്ചേഴ്‌സ് അസോസിയേഷൻ