വീടുകയറി ആക്രമണം; ഗുണ്ടാത്തലവനും സംഘവും പിടിയിൽ

Wednesday 11 October 2023 3:23 AM IST

തിരുവല്ല: മാരകായുധങ്ങളുമായി വീടുകയറി ആക്രമണത്തിനെത്തി പൊലീസിന് നേരെയടക്കം വടിവാൾ വീശി ഭീകരാന്തരീക്ഷം സൃഷ്ടിച്ച സംഭവത്തിൽ കൊലക്കേസ് പ്രതിയായ കുപ്രസിദ്ധ ഗുണ്ടാത്തലവൻ ഉൾപ്പെടെ മൂന്നുപേർ പുളിക്കീഴ് പൊലീസിന്റെ പിടിയിലായി. പ്രതികളെ കീഴ്പ്പെടുത്തതിനിടെ രണ്ട് പൊലീസുകാർക്ക് പരിക്കേറ്റു. ഗുണ്ടാത്തലവൻ ചങ്ങനാശ്ശേരി തൃക്കൊടിത്താനം മാമ്മൂട് പനത്തിൽ വീട്ടിൽ നിബിൻ ജോസഫ് (35), ചങ്ങനാശ്ശേരി ഫാത്തിമപുരം പുതുപ്പറമ്പിൽ വീട്ടിൽ അൻസൽ റഹ്മാൻ (25), ഫാത്തിമാപുരം അമ്പാട്ട് വീട്ടിൽ ആർ.കണ്ണൻ (27) എന്നിവരാണ് പിടിയിലായത്. പുളിക്കീഴ് സ്റ്റേഷനിലെ സി.പി.ഒമാരായ സന്ദീപ്, അനൂപ് എന്നിവർക്കാണ് പരിക്കേറ്റത്. സന്ദീപിന്റെ ഇടത് കൈവിരലിന്‌ പൊട്ടലുണ്ട്. ഞായറാഴ്ച വൈകിട്ട് നാലിനാണ് കേസിനാസ്പദമായ സംഭവം. തിക്കപ്പുഴ മലയിൽതോപ്പിൽ വീട്ടിൽ ജയന്റെ വീടുകയറി നടത്തിയ ആക്രമണത്തിലെ പ്രതികളാണ് ഇവർ. ഒന്നാംപ്രതി നിബിനെ സംഭവസ്ഥലത്ത്‌ നിന്ന് പൊലീസ് പിടികൂടിയിരുന്നു. കണ്ണനും അൻസലും ഞായറാഴ്ച അർദ്ധരാത്രിയോടെയാണ് പിടിയിലായത്. 2016ൽ ചങ്ങനാശ്ശേരി സ്വദേശിനിയായ റിട്ട.അദ്ധ്യാപികയെ സംഘംചേർന്ന് തലയ്ക്കടിച്ച് കൊലപ്പെടുത്തിയ കേസിലെ ഒന്നാംപ്രതിയാണ് നിബിൻ ജോസഫ്. കോട്ടയം ജില്ലയിലെ വിവിധ പൊലീസ് സ്റ്റേഷനുകളിലായി നിബിനും കണ്ണനുമെതിരെ വധശ്രമം,വീടുകയറി ആക്രമണം,പിടിച്ചുപറി,അടിപിടി കേസുകൾ നിലവിലുണ്ടെന്ന് പൊലീസ് പറഞ്ഞു. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.

നിബിൻ ജോസഫും കടപ്ര വളഞ്ഞവട്ടം സ്വദേശി നിഷാദും ചേർന്ന് മാന്നാർ,കടപ്ര ഭാഗങ്ങളിൽ കഞ്ചാവ് വിൽപ്പന നടത്തിയിരുന്നു. ഇതുസംബന്ധിച്ച വിവരങ്ങൾ പൊലീസിന് ഒറ്റുകൊടുത്തതിന്റെ പേരിൽ ജയന്റെ മകൻ ജയസൂര്യമായി നിബിന് ഉണ്ടായിരുന്ന മുൻവൈരാഗ്യമാണ് ആക്രമണത്തിൽ കലാശിച്ചതെന്ന് പൊലീസ് പറഞ്ഞു. മൂന്നാഴ്ച മുമ്പ് രാത്രി 10ന് കടപ്ര ഗ്രാൻഡ് മാളിലെ തീയറ്ററിൽ സിനിമ കാണാനെത്തിയ ജയസൂര്യയെയും സുഹൃത്തുക്കളായ ശ്രീഹരി, ആദിത്യൻ എന്നിവരെ നിഷാദും ചെങ്ങന്നൂർ സ്വദേശി സുജിത്ത് കൃഷ്ണനും ചേർന്ന് തീയറ്ററിന്റെ പാർക്കിംഗ് ഏരിയയിൽ വടിവാൾകൊണ്ട് വെട്ടിപ്പരിക്കേൽപ്പിച്ചിരുന്നു. സംഭവത്തിൽ പിടിയിലായ ഇരുവരും റിമാൻഡിലാണ്. ഇതിനിടെയാണ് നിഷാദിന്റെ സുഹൃത്തും ഗുണ്ടാത്തലവനുമായ നിബിൻ ജോസഫും സംഘവും ചേർന്ന് ജയസൂര്യയെ വീടുകയറി ആക്രമിച്ചത്.