തിരഞ്ഞെടുപ്പ് ബോണ്ട്; ഒക്ടോബർ 31ന് വാദം കേൾക്കൽ

Wednesday 11 October 2023 1:26 AM IST

ന്യൂഡൽഹി: കേന്ദ്രസർക്കാർ കൊണ്ടുവന്ന തിരഞ്ഞെടുപ്പ് ബോണ്ട് പദ്ധതി ചോദ്യം ചെയ്ത ഹർജികളിൽ ഒക്ടോബർ 31ന് സുപ്രീംകോടതി വാദം കേൾക്കും. വിഷയം ഭരണഘടനാ ബെഞ്ചിന് വിടണമോയെന്നതടക്കം പരിഗണിക്കും. അന്ന് വാദമുഖങ്ങൾ അവസാനിച്ചില്ലെങ്കിൽ നവംബർ ഒന്നിന് തുടരുമെന്ന് ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അദ്ധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി. 2017ൽ സമർപ്പിച്ച ഹർജികളാണിത്. രാഷ്ട്രീയ പാർട്ടികൾക്ക് ഫണ്ട് ലഭ്യമാക്കാനുള്ള തിരഞ്ഞെടുപ്പ് ബോണ്ടുകൾ കേന്ദ്രസർക്കാർ ഇപ്പോൾ വിൽപനയ്ക്ക് വച്ചിരിക്കുന്നത് ഹർജിക്കാർ ചൂണ്ടിക്കാട്ടി. ഒക്ടോബർ നാല് മുതൽ 13 വരെ പത്തുദിവസത്തേക്കാണ് സ്റ്റേറ്റ് ബാങ്ക് ഒഫ് ഇന്ത്യയുടെ 29 ശാഖകൾ മുഖേന ബോണ്ടുകൾ വിൽക്കുന്നത്. പദ്ധതി പണബില്ലായി പാർലമെന്റിൽ അവതരിപ്പിച്ച് പാസാക്കിയെടുത്തത് ഹർജികളിൽ ചോദ്യം ചെയ്തിരുന്നു. ഇക്കാര്യം സൂചിപ്പിച്ച അറ്റോർണി ജനറൽ ആർ. വെങ്കട്ടരമണി,​ പണ ബിൽ വിഷയം ഏഴംഗ ബെഞ്ചിന്റെ പരിഗണനയിലുള്ളതും അറിയിച്ചു. തിരഞ്ഞെടുപ്പ് ബോണ്ട് പദ്ധതി ചോദ്യം ചെയ്‌ത് സി.പി.എമ്മും,​ സന്നദ്ധസംഘടനകളും സമർപ്പിച്ച ഹർജികളാണ് കോടതിക്ക് മുന്നിലുളളത്. ബോണ്ട് വാങ്ങുന്നവരുടെ വിവരങ്ങൾ പരസ്യമാക്കില്ല തുടങ്ങിയ വ്യവസ്ഥകളെ ഹർജിക്കാർ ചോദ്യം ചെയ്യുന്നു. പദ്ധതിക്ക് സുതാര്യതയില്ലെന്നും,​ കളളപ്പണ ഇടപാടിന് വഴിയൊരുക്കുമെന്നും ഹർജികളിൽ ആരോപിക്കുന്നു.