ഹരിതകർമ്മ സേനാംഗങ്ങൾക്ക് നേരെ ഉടുതുണി ഉയർത്തിക്കാട്ടി, ജാതി പറഞ്ഞ് അധിക്ഷേപിച്ചു; മുഖ്യമന്ത്രിക്ക് പരാതി
മാവേലിക്കര: ഹരിതകർമ്മ സേനാംഗങ്ങൾക്ക് നേരെ അതിക്രമം. തഴക്കര പഞ്ചായത്തിലെ കുന്നം അഞ്ചാം വാർഡിൽ ഇന്നലെ ഉച്ചയ്‌ക്ക് 2.30നാണ് സംഭവം. ശാലിനി, രേഖ, ആശ, മിനി, രമ എന്നിവരാണ് അതിക്രമത്തിനിരയായത്. പ്ലാസ്റ്റിക് ശേഖരിക്കാനെത്തിയ ഇവരോട് കുന്നം മലയിൽ സലിൽ വിലാസത്തിൽ സാം തോമസ് അസഭ്യം പറഞ്ഞു. ഉടുതുണി ഉയർത്തിക്കാട്ടി അധിക്ഷേപിച്ചു. ജോലി തടസപ്പെടുത്തി, ജാതി പറഞ്ഞ് അധിക്ഷേപിച്ചു എന്നീ കാര്യങ്ങൾ ചൂണ്ടിക്കാട്ടിയാണ് മുഖ്യമന്ത്രിയുടെ പോർട്ടലിൽ ഹരിത കർമ്മ സേനാംഗങ്ങൾ പരാതി നൽകിയത്.
സാം തോമസിന്റെ വീട്ടിൽ നിന്നും സേനാംഗങ്ങൾ ശേഖരിച്ച പ്ലാസ്റ്റിക് മാലിന്യം ഇയാളുടെ വീടിന് പുറത്ത് മതിലരികിൽ സുരക്ഷിതമായി ചാക്കിലാക്കി വച്ചശേഷം മറ്റ് സ്ഥലങ്ങളിൽ നിന്ന് പ്ലാസ്റ്റിക്ക് ശേഖരിക്കാൻ പോയി. ഇവർ പോയ ശേഷം ഇയാൾ പ്ലാസ്റ്റിക്ക് നിറച്ച ചാക്ക് ഇറവങ്കര ജംഗ്ഷനിൽ കൊണ്ടുപോയി റോഡരികിൽ ഉപേക്ഷിച്ചു. ശേഖരിച്ചുവച്ച മാലിന്യം എടുക്കാനായി ഉച്ചയ്ക്ക് ശേഷം എത്തിയ സ്ത്രീകൾ സാമിനോട് ചാക്കെവിടെയെന്ന് ചോദിച്ചപ്പോഴാണ് അതിക്രമം ഉണ്ടായത്.
ദേഹോപദ്രവം ചെയ്യാൻ നോക്കിയപ്പോൾ പിന്തിരിഞ്ഞ് ഓടിയതുകൊണ്ടാണ് രക്ഷപ്പെട്ടതെന്നും പരാതിയിലുണ്ട്. പഞ്ചായത്ത് സെക്രട്ടറിയുടെ സാന്നിദ്ധ്യത്തിൽ മാവേലിക്കര പൊലീസിൽ സേനാംഗങ്ങൾ പരാതി നൽകി. ഒരാളുടെ മാത്രം മൊഴി രേഖപ്പെടുത്തിയ ശേഷം സാമിനെ പൊലീസ് സ്റ്റേഷനിൽ കൊണ്ടുവന്നു. പട്ടികജാതി വിഭാഗത്തിൽപ്പെട്ട മറ്റുള്ളവരുടെ മൊഴി രേഖപ്പെടുത്തിയില്ലെന്ന ആക്ഷേപം ഉയരുന്നുണ്ട്. അതിക്രമത്തിൽ ഹരിതകർമ്മ സേന മാവേലിക്കര ഏരിയ കമ്മിറ്റി പ്രതിഷേധം രേഖപ്പെടുത്തി.