പി.വി.ജി എന്ന ബഹുമുഖ പ്രതിഭ

Saturday 14 October 2023 3:10 AM IST

കേരളത്തിന്റെ സാമൂഹിക,​ സാംസ്കാരിക ജീവിതത്തെ ഭാസുരമാക്കിയ അനവധി പ്രതിഭാധനരുടെ വിയോഗത്തിനു സാക്ഷ്യം വഹിക്കേണ്ടി വന്ന നാളുകളിലൂടെയാണ് മലയാളികൾ കടന്നുപൊയ്ക്കൊണ്ടിരിക്കുന്നത്. നമ്മളെ നൊമ്പരപ്പെടുത്തി വിടചൊല്ലിയവരിൽ എഴുത്തുകാരും കലാകാരന്മാരും ചലച്ചിത്ര പ്രവർത്തകരും രാഷ്ട്രീയ നേതാക്കളുമൊക്കെയുണ്ട്. ആ ശ്രേണിയിൽ ഏറ്റവും ഒടുവിലത്തെ വേർപാടാണ് പി.വി.ജി എന്ന ത്ര്യക്ഷരിയിൽ സുഹൃദ് ലോകം സ്നേഹാദരവുകൾ ചൊരിഞ്ഞിരുന്ന പി.വി. ഗംഗാധരന്റേത്.

ഒരു ജന്മത്തിൽത്തന്നെ പല ജീവിതങ്ങളുടെ സഫല ചരിത്രം പേരിനൊപ്പം എഴുതിച്ചേർത്ത അപൂർവ വ്യക്തിത്വത്തിന് ഉടമയായിരുന്നു അദ്ദേഹം. കൈവച്ച മേഖലകളിലെല്ലാം വിജയം കൈവരിക്കുകയെന്ന അപൂർവതയും പി.വി.ജിക്ക് സ്വന്തമാണ്. പത്രം, സിനിമ, രാഷ്ട്രീയം എന്നിങ്ങനെ സാമൂഹിക ജീവിതം ഉയർന്ന വിതാനങ്ങളിലേക്ക് കൊണ്ടുപോകുന്നതിനു സഹായകമായ മേഖലകളിലാണ് അദ്ദേഹം വിരാജിച്ചത്.ആർഭാടങ്ങളും പ്രലോഭനീയക്കാഴ്ചകളും ആടിത്തിമിർക്കുന്നചലച്ചിത്ര മേഖലയിൽ അരങ്ങുവാണപ്പോഴും ഗാന്ധിയൻ മൂല്യങ്ങളും സൗഹൃദക്കൂട്ടായ്മകളും മുറുകെപ്പിടിച്ചു. പേരും പെരുമയും പണവുമൊക്കെ പലരെയും ദന്തഗോപുരവാസികളാക്കുന്ന നാട്ടുനടപ്പിൽ നിന്ന് മാറി സഞ്ചരിച്ചയാളായിരുന്നു പി.വി.ജി.

ഗാന്ധിയൻ ആദർശങ്ങൾ പ്രകാശം ചൊരിഞ്ഞ കാലഘട്ടത്തിൽ വിദ്യാർത്ഥി സംഘടനാ പ്രവർത്തനത്തിലൂടെ പൊതു ജീവിതത്തിലേക്ക് ചുവടുവച്ച ചരിത്രമാണ് അദ്ദേഹത്തിന്റേത്. കോൺഗ്രസിനോടുള്ള അഭിനിവേശത്തിൽ നിന്നു രൂപപ്പെടുത്തിയ സംഘടനാ ജീവിതം അദ്ദേഹത്തെ കോൺഗ്രസിന്റെ അഖിലേന്ത്യാ കമ്മിറ്റിയിൽ വരെ എത്തിച്ചു. കോൺഗ്രസ് ബന്ധത്തിന്റെ ഈടുവയ്പിൽ 2011-ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ കോഴിക്കോട് നോർത്ത് മണ്ഡലത്തിൽ മത്സരിക്കുകയും ചെയ്തു. എന്നാൽ രാഷ്ട്രീയക്കള്ളികളിൽ ജീവിതത്തെ തളച്ചിടാതെ പൊതു ജീവിതത്തിന് കൂടുതൽ പ്രകാശ പൂർണിമ നൽകുന്ന മേഖലകളിലായിരുന്നു അദ്ദേഹം ഏറെ മുഴുകിയത്. അതാകട്ടെ മലയാള സിനിമയുടെയും കലാ സാംസ്കാരിക ചരിത്രത്തിന്റെയും മായാമുദ്രകളായി സ്ഥാനം പിടിക്കുകയും ചെയ്തു.

എഴുപതുകൾ മുതലുള്ള മൂന്നു നാലു പതിറ്റാണ്ടുകളിൽ മലയാള സിനിമയുടെ ചരിത്രത്തിന്റെ ഭാഗമായി മാറിയ എത്രയെത്ര ചിത്രങ്ങളാണ് അദ്ദേഹത്തിന്റെ ഉടമസ്ഥതയിലുള്ള ഗൃഹലക്ഷ്മി പ്രൊഡക്ഷൻസിൽ നിന്ന് പിറവിയെടുത്തത്! ബോക്സ് ഓഫീസ് വിജയമെന്നൊക്കെ മലയാള സിനിമ പറഞ്ഞു തുടങ്ങുന്നതിനും മുമ്പാണ് അങ്ങാടി എന്ന സിനിമ നിർമിച്ച് അദ്ദേഹം മലയാള പ്രേക്ഷകരെ വിസ്മയിപ്പിച്ചത്. ജയൻ എന്ന നടന്റെ നടന പൗരുഷം ഇതൾ വിരിയുകയും ആ നടനെ സിനിമയുടെ അനിവാര്യഘടകമാക്കി സ്ഥാനപ്പെടുത്തുകയും ചെയ്തത് ആ സിനിമയായിരുന്നു.

മലയാളിയുടെ മനസിൽ ഗൃഹാതുര സ്മരണകൾ ഉണർത്തുന്ന കാറ്റത്തെ കിളിക്കൂട്, വടക്കൻപാട്ടു കഥകൾക്ക് പുതിയ ഭാഷ്യം രചിച്ച ഒരു വടക്കൻ വീരഗാഥ എന്നിവയടക്കം ഇരുപതോളം സിനിമകളും പി.വി.ജിയുടെ ചലച്ചിത്ര സംരംഭകത്വത്തിന്റെ സുന്ദര നിദാനങ്ങളാണ്. സിനിമാ നിർമാണത്തിൽ കൈവരിച്ച ഈ നേട്ടത്തിന്റെ കരുത്ത് പിന്നിട് ചലച്ചിത്ര വികസന കോർപറേഷൻ ചെയർമാൻ എന്ന നിലയിലും വിവിധ ചലച്ചിത്ര സംഘടനകളുടെ തലപ്പത്തും അദ്ദേഹത്തെ എത്തിച്ചു.

മാതൃഭൂമി പത്രത്തെ വൈവിദ്ധ്യവത്കരിക്കുന്നതിനും വളർച്ചയുടെ പടവുകളിലേക്ക് കൊണ്ടുപോകുന്നതിനും മാതൃഭൂമിയുടെ മുഴുവൻ സമയ ഡയറക്ടർ എന്ന നിലയിൽ അദ്ദേഹം നൽകിയ സംഭാവനകളും ചരിത്രത്തിന്റെ ഭാഗമാണ്. നോക്കിലും വാക്കിലും പെരുമാറ്റത്തിലും അദ്ദേഹം പുലർത്തിയിരുന്ന അഭിജാത ലാളിത്യത്തിന്റെ സൗന്ദര്യം ഏവർക്കും പാഠമാകേണ്ടതാണ്. അദ്ദേഹത്തിന്റെ വേർപാട് കുടുംബത്തിന്റെയും കോഴിക്കോടിന്റെയും മാത്രം നഷ്ടമല്ല. അത് നമ്മുടെ കലയുടെയും സംസ്കാരത്തിന്റെയും കൂടി നഷ്ടമാണ് ; ഒപ്പം കേരളത്തിന്റെയും. ഞങ്ങളുമായി എന്നും സ്നേഹമസൃണമായ സൗഹൃദം കാത്തുസൂക്ഷിച്ചിരുന്ന പി.വി.ജിയുടെ വേർപാടിൽ കേരളകൗമുദി അഗാധമായ ദു:ഖവും അനുശോചനവും രേഖപ്പെടുത്തുന്നു.