ലോകത്ത് ഏറ്റവും കൂടുതൽ കാലം ജീവിച്ചവർക്കെല്ലാം പൊതുവായി 5 ശീലങ്ങളുണ്ട്
ലോകത്ത് ഏറ്റവും കൂടുതൽകാലം ജീവിച്ച വ്യക്തിയാണ് ജീൻ ലൂയിസ് കാൾമെന്റ്. 1875 ഫെബ്രുവരി 21ന് ജനിച്ച ജീൻ മരിക്കുമ്പോൾ 122 വയസായിരുന്നു പ്രായം. കൃത്യമായി പറഞ്ഞാൽ 122 വർഷവും 164 ദിവസും ഈ മുത്തശ്ശി ഭൂമിയിൽ ജീവിച്ചു. എല്ലാ ആഴ്‌ചയും ഒരു കിലോഗ്രാം ചോക്കളേറ്റുകളാണ് കാൾമെന്റ് അകത്താക്കിയിരുന്നത്. മറ്റൊരു ശീലവും (ദുശീലം എന്ന് പെതുവേ പറയേണ്ടി വരും) ഇവർക്കുണ്ടായിരുന്നു; 21 വയസ് മുതൽ 117 വയസുവരെ നന്നായി പുക വലിക്കുമായിരുന്നു ജീൻ കാൾമന്റ്. മാത്രമല്ല വിഖ്യാത ചിത്രകാരനായിരുന്ന വിൻസെന്റ് വാൻ ഗോഗിന് പെയിന്റിങ്ങുകൾ വിൽക്കുന്നതും കാൾമെന്റ് ഏറെ ഇഷ്‌ടപ്പെട്ടിരുന്നു. താൻ ഇഷ്‌ടപ്പെടുന്നതെന്തും ചെയ്യുക എന്നതായിരുന്നു മരണം വരെയും കാൾമെന്റിന്റെ ശീലം.
ഇത്രയും പറഞ്ഞുവന്നത് ഒരാളുടെ ശീലങ്ങളും ജീവിതചര്യകളുമാണ് അയാളുടെ ആയുസ് തീരുമാനിക്കുന്നത് എന്ന് പറയാനാണ്. ഭക്ഷണരീതി, ജീവിതശൈലി, ഉറക്കം എന്നിവയെല്ലാം പ്രധാനമായും ദീർഘായുസിനെ സ്വാധീനിക്കും. ചരിത്രം പരിശോധിച്ചുകഴിഞ്ഞാൽ ഏറ്റവും കൂടുതൽ കാലം ജീവിച്ചവർക്കെല്ലാം പൊതുവായ ശീലങ്ങളുണ്ടായിരുന്നു. ഏറ്റവും കൂടുതൽ ആയൂർദൈർഘ്യമുള്ള രാജ്യം ജപ്പാനാണ്.
ഉയർന്ന ആയുസിനായി നാം ആർജിക്കേണ്ട ചില ഘടകങ്ങളുണ്ട്. അവ എന്തൊക്കെയാണെന്ന് നോക്കാം-
1. വിരമിക്കൽ ജീവിതത്തിൽ വേണ്ട, എപ്പോഴും പ്രവർത്തിച്ചുകൊണ്ടേയിരിക്കുക
ജീവിതത്തിൽ എപ്പോഴും ഊർജ്ജസ്വലമായി ഇരിക്കുക എന്നതാണ് ആദ്യത്തെ പോയിന്റ്. റിട്ടയർമെന്റ് എന്ന വാക്കിന് ജീവിതത്തിൽ സ്ഥാനം നൽകാതിരിക്കുക. ജപ്പാനിലെ ഒക്കിനാവ എന്ന ദ്വീപ് നിവാസികളിൽ ഈ വിഷയവുമായി ബന്ധപ്പെട്ട് ഗവേഷണം നടത്തിയപ്പോൾ മനസിലായത് അവരുടെ ജീവതശൈലി തന്നെയാണ് ഉയർന്ന ആയുർദൈർഘ്യത്തിന് കാരണം എന്നാണ്. ജീവിതത്തിലെ ഓരോ ഘട്ടത്തിലും എന്തെങ്കിലുമൊക്കെ ചെയ‌്ത് ആക്‌ടീവ് ആയിരിക്കാൻ ഇവർ ഇപ്പോഴും ശ്രദ്ധിക്കുമത്രേ.
2. ആസ്വദിച്ച് കാര്യങ്ങൾ ചെയ്യുക
ഏതുകാര്യം ചെയ്യുമ്പോഴും ആസ്വദിച്ച് ചെയ്യുക എന്നതാണ് രണ്ടാമത്തെ റൂൾ. ഉദാഹരണത്തിന് വീട്ടിൽ പാചകം ചെയ്യുമ്പോൾ പോലും അത് 100 ശതമാനവും ആസ്വദിച്ച് നിർവഹിക്കാൻ ശ്രമിക്കുക. പ്രവർത്തികൾ തിരക്ക് കൂട്ടി ചെയ്യാതിരിക്കാൻ ശ്രദ്ധിക്കുക. പൂർണമായ ആസ്വാദനമാണ് അവയെ ഫലവത്താക്കുന്നത്.
3. കൃത്യമായി ഭക്ഷണം കഴിക്കുക
ഭക്ഷണം കൃത്യസമയത്ത് കഴിക്കുക എന്നത് പ്രധാനമാണ്. കഴിക്കുമ്പോൾ പോലും കൃത്യമായ സമയം എടുത്തുവേണം അത് പൂർത്തിയാക്കാൻ. കുറച്ച് കഴിച്ചാൽ പോലും തൃപ്‌തിയോടെ കഴിക്കാൻ കഴിയുന്ന ഭക്ഷണങ്ങൾ ശീലിക്കുക. 80 ശതമാനം മാത്രം വയർ നിറയുന്ന തരത്തിൽ കഴിച്ച് ശീലിക്കണം.
4. ആരോഗ്യപ്രദമായ സുഹൃത് ബന്ധങ്ങൾ തെരഞ്ഞെടുക്കുക
നല്ല സുഹൃത്തുക്കൾ തന്നെയാണ് നല്ല മരുന്ന്. നമ്മുടെ ചെറുതും വലുതുമായ സന്തോഷവും, ആവലാതികളും, സ്നേഹവും, ദുഖവുമെല്ലാം പങ്കിടാൻ നല്ല സുഹൃത്തുക്കൾ ഉള്ളത് ആയുസ് വർദ്ധിപ്പിക്കുമെന്ന് പഠനങ്ങൾ വിശദമാക്കുന്നു.
5. ചിരി തന്നെ ഔഷധം
ജീവിതത്തിൽ പ്രതിബന്ധങ്ങൾ എന്തു തന്നെയുണ്ടെങ്കിലും അവയെ പുഞ്ചിരിയോടെ നേരിടാൻ പഠിക്കുക, ശീലിക്കുക. കൂടുതൽ ചിരിക്കുക, കൂടുതൽ ജീവിക്കുക.