ഗണേശിനെതിരായ കേസ് റദ്ദാക്കൽ: ഹർജി വിധി പറയാൻ മാറ്റി

Tuesday 17 October 2023 12:26 AM IST

കൊച്ചി: സോളാർ കേസിലെ പരാതിക്കാരിയുടെ കത്തിൽ ഉമ്മൻ ചാണ്ടിയുടെ പേര് എഴുതിച്ചേർത്തെന്ന ആരോപണത്തിൽ തനിക്കെതിരെയുള്ള കേസ് റദ്ദാക്കാൻ മുൻമന്ത്രി കെ.ബി. ഗണേശ് കുമാർ നൽകിയ ഹർജി ഹൈക്കോടതി വിധി പറയാൻ മാറ്റി. വ്യാജരേഖ ഉണ്ടാക്കിയെന്നാരോപിച്ച് കോൺഗ്രസ് നേതാവ് അഡ്വ. സുധീർ ജേക്കബ് നൽകിയ പരാതിയിൽ കൊട്ടാരക്കര ജുഡിഷ്യൽ ഫസ്റ്റ് ക്ളാസ് മജിസ്ട്രേട്ട് കോടതിയിലെ നടപടികൾ നേരത്തെ ഹൈക്കോടതി സ്റ്റേ ചെയ്തിരുന്നു.

ഇന്നലെ സ്റ്റേ നീക്കിയ ജസ്റ്റിസ് പി.വി. കുഞ്ഞിക്കൃഷ്‌ണൻ പത്തു ദിവസത്തേക്ക് ഗണേശ് കുമാർ നേരിട്ട് ഹാജരാകാൻ മജിസ്ട്രേട്ട് കോടതി നിഷ്‌ക്കർഷിക്കരുതെന്നും ഉത്തരവിട്ടു. ഗണേശ് കുമാറിനും സോളാർ കേസിലെ പരാതിക്കാരിക്കുമെതിരെയാണ് സുധീർ കോടതിയിൽ കേസ് നൽകിയത്.