പ്രശസ്‌ത ചലച്ചിത്രതാരം കുണ്ടറ ജോണി അന്തരിച്ചു

Tuesday 17 October 2023 11:03 PM IST

കൊല്ലം:പ്രശസ്‌ത ചലച്ചിത്ര താരം കുണ്ടറ ജോണി(71) അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്നാണ് കൊല്ലത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. മലയാള സിനിമയിൽ 80കളിലും 90കളിലും നിരവധി വില്ലൻ വേഷങ്ങളിലൂടെ ശ്രദ്ധ നേടിയ നടനായിരുന്നു അദ്ദേഹം.

1979ൽ നിത്യവസന്തം എന്ന ചിത്രത്തിലൂടെയാണ് വെള്ളിത്തിരയിലെത്തിയത്. പിന്നീട് കഴുകൻ,കരിമ്പന, കിരീടം, ചെങ്കോൽ,രാജാവിന്റെ മകൻ,അരം+അരം കിന്നരം, സ്‌ഫടികം,ആവനാഴി, ഗോഡ് ഫാദ‌ർ,ആറാം തമ്പുരാൻ എന്നിങ്ങനെ നിരവധി ചിത്രങ്ങളിൽ വില്ലൻ വേഷത്തിലും സഹനടനായും തിളങ്ങിയ കുണ്ടറ ജോണി അവസാനമായി അഭിനയിച്ചത് ഉണ്ണി മുകുന്ദൻ നായകനായ മേപ്പടിയാനിലായിരുന്നു.

നൂറിലധികം ചിത്രങ്ങളിൽ കിരീടത്തിലെ പരമേശ്വരൻ എന്ന കഥാപാത്രം ഏറെ ശ്രദ്ധ നേടി. മലയാളത്തിന് പുറമേ തമിഴിലും ,കന്നട, തെലുങ്ക് ഭാഷകളിലും ജോണി അഭിനയിച്ചിട്ടുണ്ട്. വാഴ്‌കൈ ചക്രം, നടികൻ എന്നിവയാണ് തമിഴ് ചിത്രങ്ങൾ. ഡോക്ടർ സ്റ്റെല്ലയാണ് ഭാര്യ. കൊല്ലം കുണ്ടറയിൽ ജനിച്ച ജോണിയുടെ പിതാവ് ജോസഫ്, മാതാവ് കാതറിൻ. കൊല്ലത്ത് ശ്രീനാരായണ കോളേജിലും ഫാത്തിമ മാതാ കോളേജിലുമായിരുന്നു വിദ്യാഭ്യാസം. പഠനകാലത്ത് ഫുട്ബോൾ ജില്ലാ ടീമിന്റെ ക്യാപ്റ്റനായിരുന്നു കുണ്ടറ ജോണി.