കാരോട് - കന്യാകുമാരി ബൈപാസ്
മൂന്നു പതിറ്റാണ്ടോളം മുൻപ് തിരുവനന്തപുരം കഴക്കൂട്ടത്തു നിന്ന് കാരോടു വരെ ദേശീയപാതാ ബൈപാസ് നിർമ്മാണം തുടങ്ങിയപ്പോൾ അത് കന്യാകുമാരി വരെ നീട്ടുമെന്നാണ് കേട്ടിരുന്നത്. കേരള - തമിഴ്നാട് സർക്കാരുകൾ ആത്മാർത്ഥമായ താത്പര്യം കാണിച്ചിരുന്നെങ്കിൽ ഈ ബൈപാസ് എന്നേ പൂർണതയിൽ എത്തുമായിരുന്നു. കേരളം ഏതായാലും ഏറെ വർഷമെടുത്താണെങ്കിലും ബൈപാസ് നിർമ്മാണം പൂർത്തിയാക്കി. കാരോട് മുതൽ കന്യാകുമാരിവരെയുള്ള അൻപതിലധികം കിലോമീറ്ററാണ് ഇനി പൂർത്തീകരിക്കാനുള്ളത്. എത്രയോ നാളായി ഇത് മുടങ്ങിക്കിടക്കുകയാണ്. തമിഴ്നാടിന്റെ താത്പര്യക്കുറവാണ് കാരണം. ഇപ്പോൾ കേൾക്കുന്ന ആശ്വാസവാർത്ത കാരോട് - കന്യാകുമാരി ബൈപാസ് നിർമ്മാണം പുനരാരംഭിക്കാൻ നടപടികളായിട്ടുണ്ടെന്നാണ്.
2025 അവസാനത്തോടെ നിർമ്മാണം പൂർത്തിയാകത്തക്ക വിധം പണി മുന്നോട്ടു കൊണ്ടുപോകാനാണ് തീരുമാനം. രണ്ടു ഭാഗമായി തിരിച്ച് കരാർ നൽകിക്കഴിഞ്ഞു. രണ്ട് വലിയ പാലങ്ങളും അനവധി ചെറിയ പാലങ്ങളും മൂന്ന് ചെറിയ തുരങ്കങ്ങളും ബൈപാസ് കടന്നുപോകുന്ന വഴിയിൽ നിർമ്മിക്കാനുണ്ട്. അവയുടെ നിർമ്മാണം പൂർത്തിയാക്കുന്ന മുറയ്ക്കാകും ബൈപാസ് യാഥാർത്ഥ്യമാകുക.
ദേശീയ പാത 66- ന്റെ ഭാഗമായ കഴക്കൂട്ടം- കന്യാകുമാരി ബൈപാസ് നിർമ്മാണം പൂർത്തിയായാൽ നേട്ടങ്ങൾ നിരവധിയാണ്. വാഹന യാത്രക്കാർക്ക് പേടിസ്വപ്നമായ കരമന - കന്യാകുമാരി പാതയിൽ ഇപ്പോൾ അനുഭവപ്പെടുന്ന തിക്കിനും തിരക്കിനും വലിയ അളവിൽ ശമനമാകും. നിലവിൽ മൂന്നുംനാലും മണിക്കൂറാണ് തിരുവനന്തപുരത്തു നിന്ന് കന്യാകുമാരിയിലെത്താൻ എടുക്കുന്ന സമയം. ബൈപാസ് പൂർത്തിയായാൽ ഈ ദൂരം പിന്നിടാൻ ഒന്നരമണിക്കൂർ പോലും വേണ്ടിവരില്ല. കന്യാകുമാരി സന്ദർശനത്തിന് ദിവസേന എത്തുന്ന പതിനായിരക്കണക്കിന് വിനോദ സഞ്ചാരികൾക്ക് യാത്രാസമയം കുറഞ്ഞുകിട്ടുകയെന്നത് വലിയ കാര്യമാണ്.
നന്നേ ഇടുങ്ങിയ പാതയും ഒട്ടേറെ സ്ഥലങ്ങളിൽ ഗതാഗതക്കുരുക്കും നേരിടുന്നതാണ് തിരുവനന്തപുരം - കന്യാകുമാരി ദേശീയ പാത. കഴക്കൂട്ടം - കാരോട് ബൈപാസ് തുറന്നതോടെ ഈ റീച്ചിൽ യാതൊരു തടസ്സവുമില്ലാതെ ഗതാഗതം സാദ്ധ്യമാണിപ്പോൾ. എന്നാൽ കാരോടു നിന്ന് കളിയിക്കാവിളയിലേക്കു കടന്ന് യാത്ര തുടരണമെങ്കിൽ വൈതരണികൾ പലതുണ്ട്. നിർദ്ദിഷ്ട കാരോട്- കന്യാകുമാരി ബൈപാസ് മാത്രമാണ് ഇതിനു പരിഹാരം. ഇതിന്റെ പ്രാധാന്യം ബോദ്ധ്യമായിട്ടും തമിഴ്നാട് സർക്കാർ കാര്യമായ പരിഗണന നൽകാത്തത് എന്തുകൊണ്ടെന്ന ചോദ്യം ശേഷിക്കുകയാണ്. കന്യാകുമാരി ജില്ലയിലേക്ക് തമിഴ്നാട് സർക്കാരിന്റെ ശ്രദ്ധ എത്തുന്നില്ലെന്ന ആക്ഷേപം ജില്ലാ രൂപീകരണ വേളയിൽത്തന്നെ ഉള്ളതാണ്. ജില്ലയിലെ- പ്രത്യേകിച്ച് അതിർത്തി റോഡുകളുടെ സ്ഥിതി ഈ ആക്ഷേപം ബലപ്പെടുത്തുന്നതാണ്.
പുതിയ ബൈപാസ് സുഗമമായ ഗതാഗതം സാദ്ധ്യമാക്കുന്നു എന്നതിനപ്പുറം വിനോദസഞ്ചാര, വികസന മേഖലകൾക്ക് വലിയ അവസരങ്ങളും ഒരുക്കും. ബൈപാസിലൂടെ വെറുതേയുള്ള യാത്രപോലും കണ്ണിനും മനസ്സിനും ഒരുപോലെ ആഹ്ളാദം പകരുന്നതാണ്. ഭൂപ്രകൃതിയുടെ പ്രത്യേകതകൾ അത്രയധികമാണ്. തിരുവനന്തപുരത്തിന്റെ വികസന പാതയിലും കാരോട് - കന്യാകുമാരി ബൈപാസ് നിർണ്ണായക സ്വാധീനം ചെലുത്തുമെന്ന് തീർച്ചയാണ്. കഴക്കൂട്ടം- കാരോട് ബൈപാസ് വാണിജ്യ മേഖലയ്ക്ക് മുതൽക്കൂട്ടാകുന്നതുപോലെ കന്യാകുമാരിയിലേക്കുള്ള നിർദ്ദിഷ്ട പാതയും ആ പ്രദേശങ്ങളുടെ ദ്രുതഗതിയിലുള്ള വളർച്ചയ്ക്ക് സഹായകമാകും. കഴക്കൂട്ടം മുതൽ കോവളം വരെയുള്ള ബൈപാസ് റോഡിന്റെ ഇരുവശങ്ങളിലുമുണ്ടായ വളർച്ച നോക്കിയാലറിയാം, പുതിയ പാതകളുടെ അനന്ത സാദ്ധ്യതകൾ.