പ്രശസ്ത ഫിറ്റ്നസ് ഇൻഫ്ലുവൻസർ റെയ്ഷൽ ചേസ് അന്തരിച്ചു; മരണം നാൽപ്പത്തിയൊന്നാം വയസിൽ

Saturday 21 October 2023 12:53 PM IST

വെല്ലിംഗ്ടൺ: ന്യൂസിലൻഡിലെ പ്രശസ്ത ബോഡി ബിൽഡറും ഫിറ്റ്നസ് ഇൻഫ്ലുവൻസറുമായ റെയ്ഷൽ ചേസ് (41) അന്തരിച്ചു. മകളാണ് മരണവാർത്ത സ്ഥിരീകരിച്ചത്. മരണകാരണമെന്താണെന്ന് വ്യക്തമല്ലെന്നും സംഭവത്തെക്കുറിച്ച് അന്വേഷിച്ചുവരികയാണെന്നും ന്യൂസിലൻഡ് പൊലീസ് അറിയിച്ചു.

അഞ്ച് കുട്ടികളുടെ അമ്മയായ റെയ്ഷലിന് ഫേസ്ബുക്കിൽ പതിനാല് ലക്ഷം ഫോളോവേഴ്സാണുള്ളത്. മക്കളെ ഒറ്റയ്ക്ക് വളർത്തുന്ന അമ്മമാരെക്കുറിച്ചും ഫിറ്റ്നസിനെക്കുറിച്ചും പ്രചോദനാത്മകമായ പോസ്റ്റുകൾ നിരന്തരം റെയ്ഷൽ സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കാറുണ്ടായിരുന്നു.

പതിനാല് വർഷം മുമ്പായിരുന്നു റെയ്ഷലിന്റെ വിവാഹം. ക്രിസ് ചേസ് എന്നയാളായിരുന്നു ഭർത്താവ്. 2015 ൽ വിവാഹ മോചനം നേടി. പിന്നീട് മയക്കുമരുന്ന് കടത്തുമായി ബന്ധപ്പെട്ട് ക്രിസ് ചേസ് പിടിയിലായി. കോടതി ഇയാൾക്ക് പത്ത് വർഷം ജയിൽ ശിക്ഷ വിധിക്കുകയും ചെയ്തു. അതിനുശേഷം മക്കളെ ഒറ്റയ്‌ക്കാണ് വളർത്തുന്നത്.

ചെറുപ്രായത്തിൽ തന്നെ ബോഡി ബിൽഡിംഗിൽ ശ്രദ്ധിച്ചുതുടങ്ങിയ റെയ്ഷൽ ന്യൂസിലൻഡിൽ നടന്ന നിരവധി മത്സരങ്ങളിൽ പങ്കെടുത്തിരുന്നു. 2011ൽ, ലാസ് വെഗാസിൽ നടന്ന ഒളിമ്പിയ ബോഡി ബിൽഡിംഗ് മത്സരത്തിൽ പങ്കെടുത്തു. ഇതോടെ ഈ മത്സരത്തിൽ പങ്കെടുക്കുന്ന ആദ്യ ന്യൂസിലൻഡ് വനിതാ താരമെന്ന റെക്കോർഡും സ്വന്തമാക്കി.

2016ൽ വിവാഹ മോചനത്തിന് ശേഷമുള്ള ജീവിതത്തെക്കുറിച്ച് റെയ്ഷൽ എഴുതിയ ലേഖനം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ടോക്സിക്ക് ആയിട്ടുള്ള ബന്ധങ്ങളിൽ നിന്ന് പുറത്തുകടക്കണമെന്ന് വായനക്കാരെ പ്രചോദിപ്പിക്കുന്ന രീതിയിലുള്ളതായിരുന്നു ലേഖനം. താൻ കുട്ടികളെ എങ്ങനെ ഒറ്റയ്ക്ക് വളർത്തുന്നുവെന്നും ഇതിലുണ്ടായിരുന്നു.