പാർലമെന്റിൽ ചോദ്യം ഉന്നയിക്കാൻ കോഴ; മഹുവ മൊയ്‌ത്ര കൈപ്പറ്റിയ ആഡംബര വസ്തുക്കളുടെ പട്ടികയുമായി മുൻ പങ്കാളി
ന്യൂഡൽഹി : പാർലമെന്റിൽ ചോദ്യങ്ങൾ ഉന്നയിക്കാൻ വ്യവസായി ദർശൻ ഹിരാനന്ദനിയിൽ നിന്ന് തൃണമമൂൽ എം.പി മഹുവ മൊയ്‌ത്ര കോഴ വാങ്ങിയെന്ന ആരോപണത്തിൽ കൂടുതൽ വെളിപ്പെടുത്തൽ . മഹുവ മൊയ്ത്ര വിലയേറിയ ആഡംബര വസ്തുക്കളും ഡൽഹിയിൽ ഔദ്യോഗികമായി അനുവദിച്ച ബംഗ്ലാവ് പുതുക്കിപ്പണിയുന്നതിനുള്ള ചെലവ് , മറ്റ് യാത്രാചെലവുകൾ തുടങ്ങിയ ആനുകൂല്യങ്ങൾ തന്നിൽ നിന്ന് കൈപ്പറ്റിയതായി ദർശൻ ആരോപിച്ചു. ഇന്ത്യക്കകത്തും ലോകത്തിന്റെ വിവിധ ഭാഗങ്ങളിലും സഞ്ചരിക്കുന്ന ആളാണ് മൊയ്‌ത്ര എന്നും ഇതിനുവേണ്ട ചെലവുകൾ താൻ വഹിച്ചിരുന്നു എന്നും അദ്ദേഹം വെളിപ്പെടുത്തി.
ബി.ജെ.പി എം.പി നിഷികാന്ത് ദുബെയും മൊയ്‌ത്രയുടെ മുൻ പങ്കാളിയും സുപ്രീംകോടതി അഭിഭാഷകനുമായ ജയ് അനന്ത് ദേഹാദ്രായിയും ചേർന്നാണ് പാർലമെന്റിൽ ചോദ്യങ്ങൾ ഉന്നയിക്കാൻ മൊയ്ത്ര ഹിരാനന്ദാനിയിൽ നിന്ന് കോഴ വാങ്ങിയെന്ന ആരോപണവുമായി രംഗത്തെത്തിയത്. പാർലമെന്റിൽ ചോദ്യങ്ങൾ ചോദിച്ചതിന് പകരമായി മൊയ്ത്ര കൈപ്പറ്റിയ ആഡംബര വസ്തുക്കളുടെ ലിസ്റ്റും ദേഹാദ്രായി പുറത്തുവിട്ടിട്ടുണ്ട്.
ഈ പട്ടികയിൽ ആദ്യം കൈപ്പറ്റിയ ആഡംബര സമ്മാനം ഐ ഫോൺ ആണെന്നാണ് ദേഹാദ്രായി പറയുന്നത്. മഹുവ മൊയ്ത്ര 14 പ്രോ മോഡലിന് സമാനമായ ഐ ഫോണുമായി നിൽക്കുന്ന അവരുടെ ഫേസ്‌ബുക്ക് പേജിൽ നിന്നുള്ള ഫോട്ടോയും തെളിവായി അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു. വിലയേറിയ ഹെർമിസിന്റെ സ്കാർഫുകളാണ് മറ്റൊന്ന്. ഹെർമിസിന്റെ വെബ്സൈറ്റിൽ ഒരു ചെറിയ സ്കാർഫിന് ഏകദേശം 510 ഡോളർ വില വരും. ഇന്ത്യയിൽ ഇവ 30000 രൂപ മുതൽ 38000 രൂപ വരെ വിലയ്ക്ക് ലഭ്യമാണ്. എന്നാൽ ഈ ഇനത്തിൽപ്പെട്ട സ്കാർഫുകളുടെ എണ്ണം എത്രയാണെന്ന് പരാമർശിച്ചിട്ടില്ല.
ലൂയിസ് വിറ്റണിൽ നിന്നുള്ള സ്കാർഫുകളാണ് മൂന്നാമത്തെ സമ്മാനം. കമ്പനിയുടെ വെബ്‌സൈറ്റിൽ ഇത്തരം സ്കാർഫുകൾക്ക് 50000 രൂപ മുതൽ 495000 രൂപ വരയാണ് വില. സാൽവറ്റോർ ഫെറാഗമോയിൽ നിന്നുള്ള 35 ജോഡി ഷൂവും മൊയ്ത്ര വാങ്ങിയതായി ആരോപിക്കുന്നു. 70000 രൂപ മുതൽ 1,10,000 രൂവ വരെയാണ് ഇവ വില വരുന്നത്. ഒരു ജോഡിക്ക് 80000 രൂപ ശരാശരി കണക്കാക്കിയാൽ തന്നെ ഇവയുടെ മൂല്യം 28 ലക്ഷം വരുമെന്നും അഭിഭാഷകൻ പറയുന്നു ഫ്രാൻസിൽ നിന്നും ഇറ്റലിയിൽ നിന്നുമുള്ള വൈനുകൾ ആണ് മറ്റൊന്ന്. ഒരു കുപ്പിക്ക് 5000 മുതൽ 50000 രൂവ വരെ ഉതിന് വില വരും. 2 ലക്ഷം രൂപവില വരുന്ന ഗൂച്ചിയുടെ ബാഗുകളും സമ്മാനങ്ങളുടെ പട്ടികയിലുണ്ട്.