മകനെയും കുടുംബത്തെയും പെട്രോളൊഴിച്ച് തീകൊളുത്തിയ സംഭവം; ചികിത്സയിലായിരുന്ന മരുമകളും മരണത്തിന് കീഴടങ്ങി

Tuesday 24 October 2023 1:00 PM IST

തൃശൂർ: മകനെയും കുടുംബത്തെയും പെട്രോളൊഴിച്ച് തീകൊളുത്തിയ സംഭവത്തിൽ ഗുരുതരമായി പൊള്ളലേറ്റ മരുമകളും മരിച്ചു. കൊട്ടേക്കാടൻ വീട്ടിൽ ജോജിയുടെ ഭാര്യ ലിജി ആണ് ചികിത്സയിലിരിക്കെ മരിച്ചത്. തൊണ്ണൂറ് ശതമാനത്തോളം പൊള്ളലേറ്റ ജോജിയും പന്ത്രണ്ടുകാരനായ മകൻ ടെണ്ടുൽക്കറും നേരത്തെ മരിച്ചിരുന്നു. കഴിഞ്ഞ മാസം പതിനാലിന് പുലർച്ചെയായിരുന്നു സംഭവം.

ജോജിയേയും ഭാര്യയേും മകനെയും കൂടാതെ പിതാവ് ജോൺസണും (68) മാതാവ് സാറയുമായിരുന്നു ഈ വീട്ടിലുണ്ടായിരുന്നത്. സാറയെ മുറിയിൽ പൂട്ടിയിട്ട ശേഷം, ജോൺസൺ, ഉറങ്ങിക്കിടന്ന മകനെയും കുടുംബത്തെയും പെട്രോളൊഴിച്ച് കത്തിക്കുകയായിരുന്നു. ഇതിനുമുമ്പ് വീട്ടിലെ മോട്ടോറും ഇയാൾ നശിപ്പിച്ചിരുന്നു.

വീട്ടിൽ നിന്ന് പുക ഉയരുന്നത് കണ്ട് ഓടിയെത്തിയ അയൽക്കാരാണ് മൂന്ന് പേരെയും ആശുപത്രിയിലെത്തിച്ചത്. ജോജിയും മകനും അന്ന് തന്നെ മരണത്തിന് കീഴടങ്ങി. തുടർന്ന് ജോൺസണെ അന്വേഷിച്ച് ചെന്നപ്പോൾ വിഷം കഴിച്ചനിലയിൽ കണ്ടെത്തി. കൈകളിൽ പൊള്ളലേറ്റിരുന്നു. ചികിത്സയിലിരിക്കെ ഇയാളും മരിച്ചു.

ജോൺസണും ജോജിയും തമ്മിൽ പതിവായി വഴക്കായിരുന്നു. പ്രശ്നം രൂക്ഷമായതോടെ ജോജിയും കുടുംബവും വാടക വീട്ടിലേക്ക് മാറിയിരുന്നു. തുടർന്ന് ബന്ധുക്കൾ ഇടപെട്ടതോടെ രണ്ട് വർഷം മുമ്പാണ് തറവാട്ടിലേക്ക് താമസം മാറിയത്. ജോൺസൺ സെക്യൂരിറ്റി ജീവനക്കാരനാണ്. ജോജി ലോറി ഡ്രൈവറാണ്.