ജനുവരി ഇരുപത്തിരണ്ടിന് രാമക്ഷേത്രത്തിൽ വിഗ്രഹ പ്രതിഷ്ഠ നടത്തും; പതിനാല് മുതൽ തന്നെ പ്രതിഷ്ഠാ പൂജകൾ ആരംഭിക്കുമെന്ന് മോഹൻ ഭഗവത്
നാഗ്പൂർ: ജനുവരി ഇരുപത്തിരണ്ടിന് അയോദ്ധ്യയിലെ രാമക്ഷേത്രത്തിൽ വിഗ്രഹപ്രതിഷ്ഠ നടത്തുമെന്ന് ആർ എസ് എസ് മേധാവി മോഹൻ ഭഗവത്. ജനുവരി പതിനാല് മുതൽ തന്നെ പ്രതിഷ്ഠാ പൂജകൾ ആരംഭിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. നാഗ്പൂരിലെ ആർ എസ് എസ് ആസ്ഥാനത്ത് നടന്ന വിജയദശമി ദിനാഘോഷത്തിൽ സംസാരിക്കുകയായിരുന്നു മോഹൻ ഭഗവത്.
വിഗ്രഹ പ്രതിഷ്ഠയോടനുബന്ധിച്ച് രാജ്യത്തെ എല്ലാ ക്ഷേത്രങ്ങളിലും പൂജകളും ആഘോഷങ്ങളും നടത്താനുള്ള ഒരുക്കങ്ങൾ ചെയ്യാനും അദ്ദേഹം പ്രവർത്തകർക്ക് നിർദേശം നൽകി. പ്രധാനമന്ത്രി നരേന്ദ്ര മോദി വിഗ്രഹ പ്രതിഷ്ഠയിൽ പങ്കെടുക്കുമെന്ന് റിപ്പോർട്ടുകളുണ്ട്. ഇതുമായി ബന്ധപ്പെട്ട് കുറച്ച് ദിവസങ്ങൾ അദ്ദേഹം അയോദ്ധ്യയിൽ തങ്ങുമെന്നാണ് വിവരം.
'തങ്ങളുടെ പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ ലോകം മുഴുവൻ ഇന്ത്യയിലേക്ക് ഉറ്റുനോക്കുകയാണ്. തിരഞ്ഞെടുപ്പ് പടിവാതിൽക്കലെത്തി നിൽക്കെ, നമ്മളെ ഭിന്നിപ്പിക്കുന്നവർക്കെതിരെ ജാഗ്രത വേണം. വോട്ടുരേഖപ്പെടുത്തുകയെന്നത് പൗരന്മാരുടെ കടമയാണ്. ആര് നല്ലതുചെയ്തുവെന്ന് ചിന്തിച്ചുവേണം എല്ലാവരും വോട്ടുചെയ്യാൻ. കുറേനാളത്തെ അനുഭവങ്ങൾ മുന്നിലുണ്ട്.'- അദ്ദേഹം പറഞ്ഞു. അതേസമയം, ഡിസംബറോടെ ക്ഷേത്രത്തിന്റെ നിർമാണ ജോലികൾ പൂർത്തിയാകുമെന്ന് ക്ഷേത്രം തന്ത്രി ആചാര്യ സത്യേന്ദ്ര ദാസ് അറിയിച്ചു.