അദ്ധ്യാപകൻ കാറിടിച്ച് മരിച്ച സംഭവത്തിലെ പ്രതി പിടിയിൽ

Friday 27 October 2023 3:45 AM IST

മട്ടന്നൂർ: അദ്ധ്യാപകൻ കാറിടിച്ച് മരിച്ച സംഭവത്തിൽ കാർ ഓടിച്ചിരുന്നയാൾ പിടിയിൽ. മട്ടന്നൂരിലെ വി.കെ പ്രസന്നകുമാർ മരിച്ച സംഭവത്തിൽ ഉരുവച്ചാൽ സ്വദേശി ടി. ലിജിനിനെയാണ് മട്ടന്നൂർ ഇൻസ്‌പെക്ടർ കെ.വി. പ്രമോദന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം അറസ്റ്റു ചെയ്തത്. കഴിഞ്ഞ മാസം 9ന് രാത്രി പത്തോടെ പ്രസന്നകുമാർ വീട്ടിലേക്ക് പോകുന്നതിനിടെയാണ് അപകടം. സി.സി ടി.വി ദൃശ്യങ്ങളും മറ്റും കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ അപകടത്തിനിടയാക്കിയ ചുവന്ന ആൾട്ടോ കാർ നേരത്തെ പിടികൂടിയിരുന്നു. കാർ പിടികൂടുമെന്ന ഘട്ടമെത്തിയപ്പോൾ ലിജിന്റെ സഹോദരൻ ലിപിൻ കാർ സഹിതം മട്ടന്നൂർ സ്റ്റേഷനിൽ ഹാജരാകുകയായിരുന്നു. താനാണ് കാർ ഓടിച്ചിരുന്നതെന്നും അപകടം നടന്നത് ശ്രദ്ധയിൽപ്പെട്ടില്ലെന്നും മൊഴി നൽകി. എന്നാൽ മൊഴിയിൽ പൊരുത്തക്കേടുകൾ ഉണ്ടായതിനാൽ പൊലീസ് അന്വേഷണം തുടരുകയായിരുന്നു. സൈബർ സെല്ലിന്റെയും സിസിടിവി ദൃശ്യങ്ങളുടെയും മറ്റും സഹായത്തോടെ നടത്തിയ അന്വേഷണത്തിലാണ് യഥാർത്ഥ പ്രതിയെ പിടികൂടാനായത്.
മട്ടന്നൂർ ഇൻസ്പെക്ടർ കെ.വി. പ്രമോദൻ, എസ്‌.ഐ യു.കെ. ജിതിൻ, രാജീവൻ, എ.എസ്‌.ഐ സിദ്ദീഖ്, സിവിൽ പൊലീസ് ഓഫീസർമാരായ കെ.വി. ധനേഷ് ചെമ്പിലോട്, ജോമോൻ, രാജേഷ്, രഗിനേഷ് എന്നിവരുടെ നേതൃത്വത്തിലാണ് യഥാർത്ഥ പ്രതിയെ പിടികൂടാനായത്.