ബസിന് മുന്നിൽ അഭ്യാസപ്രകടനം; കോഴിക്കോട് യുവാവിന്റെ ലൈസൻസ് സസ്‌പെൻഡ് ചെയ്യും

Friday 27 October 2023 4:48 PM IST

കോഴിക്കോട്: ബസിന് മുമ്പിൽ അഭ്യാസപ്രകടനവുമായി സ്കൂട്ടർ യാത്രികൻ. കോഴിക്കോട് മീഞ്ചന്തയിലാണ് സംഭവം. കല്ലായി സ്വദേശി ഫർഹാനാണ് അഭ്യാസപ്രകടനം നടത്തിയത്. ഇയാൾക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. മദ്യലഹരിയിലാണ് ഫർഹാൻ സ്കൂട്ടറോടിച്ചത്.

അപകടകരമായ ഡ്രൈവിംഗിനും മദ്യപിച്ച് വാഹനം ഓടിച്ചതിനും ഇയാൾക്കെതിരെ കേസെടുത്തിട്ടുണ്ട്. ഫർഹാന്റെ ലൈസൻസ് സസ്‌പെൻഡ് ചെയ്യുമെന്ന് മോട്ടോർ വാഹന വകുപ്പ് അറിയിച്ചു.

കഴിഞ്ഞ ദിവസം യുവാക്കൾ ചേർന്ന് കെഎസ്ആർടിസി ബസിന് യാത്രാതടസം ഉണ്ടാക്കുകയും റോഡിൽ പോർവിളി നടത്തുകയും ചെയ്ത സംഭവം ഉണ്ടായി. രാത്രി ആയിരുന്നതിനാൽ മുഖം തിരിച്ചറിയാൻ കഴിഞ്ഞിരുന്നില്ല. ഇതിനാൽ അജ്ഞാതർ എന്ന തരത്തിലാണ് കേസെടുത്തിരിക്കുന്നത്. യുവാക്കൾ സഞ്ചരിച്ചിരുന്ന കെ എൽ-01-എസ്- 3510 ടൊയോട്ടാ ക്വാളിസ് കാറും കസ്റ്റഡിയിലെടുത്തു. നിലവിൽ പ്രതികൾ ഒളിവിലാണ്. സംഭവത്തിന്റെ വീഡിയോ പുറത്തു വന്നിരുന്നു. കേശവദാസപുരത്തിന് സമീപത്ത് വച്ചാണ് യുവാക്കൾ ബസ് കടന്നു പോകാൻ അനുവദിക്കാതെ ഭീകരാന്തരീക്ഷം സൃഷ്ടിച്ചത്. ബസിന് കുറുകെ കാറോടിച്ച് പല പ്രാവശ്യം തടസം സൃഷ്ടിക്കുകയും ഇടക്കിടെ സഡൻ ബ്രേക്കിടുകയും ചെയ്യുന്നത് വീഡിയോയിൽ കാണാം. മല്ലപ്പള്ളിയിൽ നിന്ന് പത്തനംതിട്ട വഴി തിരുവനന്തപുരത്തേയ്‌ക്ക് വരികയായിരുന്നു ബസ്.