നടൻ അർജുൻ സർജയുടെ മകളുടെ വിവാഹനിശ്ചയം കഴിഞ്ഞു, വരൻ തമ്പിരാമയ്യയുടെ മകൻ ഉമാപതി
നടൻ അർജുൻ സർജയുടെ മകളും നടിയുമായ ഐശ്വര്യ അർജുന്റെ വിവാഹ നിശ്ചയം കഴിഞ്ഞു. തമിഴിലെ ഹാസ്യനടൻ തമ്പി രാമയ്യയുടെ മകനും നടനുമായ ഉമാപതി രാമയ്യയാണ് വരൻ. ഇരുവരുടെയും വിവാഹനിശ്ചയത്തിന്റെ ചിത്രങ്ങളും വീഡിയോകളുമാണ് ഇപ്പോൾ സോഷ്യൽമീഡിയയിൽ പ്രചരിക്കുന്നത്.
കുടുംബത്തിലെ പുതിയ വിശേഷം അർജുനാണ് പങ്കുവച്ചിരിക്കുന്നത്. ദീർഘനാളത്തെ പ്രണയത്തിനൊടുവിലാണ് ഇരുവരും വിവാഹിതരാവുന്നത്. വിവാഹം അടുത്ത വർഷം ഫെബ്രുവരിയിൽ ഉണ്ടാകുമെന്നാണ് റിപ്പോർട്ട്. ലളിതമായ രീതിയിലായിരുന്നു ചടങ്ങ്.
2013 ൽ തിയേറ്ററുകളിലെത്തിയ പട്ടത്ത് യാനൈ എന്ന ചിത്രത്തിലൂടെയായിരുന്നു ഐശ്വര്യ സിനിമാ രംഗത്ത് എത്തിയത്. 2018ൽ അർജുൻ നായകനായ സൊല്ലിവിടവാ എന്ന തമിഴ് ചിത്രത്തിലും ഐശ്വര്യ അഭിനയിച്ചു. ഇതിന്‍റെ കന്നഡ പതിപ്പ് പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു. അധഗപ്പട്ടത് മഗജനഞ്ജലയ് എന്ന ചിത്രത്തിലൂടെ 2017 ലാണ് ഉമാപതി രാമയ്യ സിനിമയിൽ ചുവടുറപ്പിച്ചത്. മണിയാർ കുടുംബം, തിരുമണം, തന്നെ വണ്ടി എന്നീ ചിത്രങ്ങളിലും അഭിനയിച്ചു. ദേവദാസ് എന്ന ചിത്രത്തിലാണ് നിലവിൽ അഭിനയിച്ചുകൊണ്ടിരിക്കുന്നത്.
അതേസമയം തിയേറ്ററുകളിൽ വൻ വജയത്തോടെ പ്രദർശനം തുടരുന്ന വിജയ് ചിത്രം ലിയോയിലും അർജുൻ പ്രധാന വേഷത്തിലെത്തിയിരുന്നു. രജനികാന്തിന്റെ അടുത്ത വർഷം പുറത്തിറങ്ങുന്ന 170 -ാമത് ചിത്രമായ തലൈവർ 170 ആണ് അർജുന്റെ പുതിയ ചിത്രം.