തെന്നിന്ത്യയിലെ ഏറ്റവും വിലപിടിപ്പുളള നടിയായി മാറാനൊരുങ്ങി നയൻതാര, പുതിയ ചിത്രത്തിന് താരം വാങ്ങുന്നത് അമ്പരപ്പിക്കുന്ന പ്രതിഫലം
തെന്നിന്ത്യയിലെ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന നടിയായി മാറാനൊരുങ്ങി നയൻതാര. ജവാനിലൂടെ ബോളിവുഡിൽ അരങ്ങേറ്റം കുറിച്ചതോടെയാണ് നയൻതാര തന്റെ പ്രതിഫലം വർദ്ധിപ്പിച്ചെതെന്നാണ് റിപ്പോർട്ട്. 35 വർഷത്തിന് ശേഷം കമൽഹാസനെ നായകനാക്കി മണിരത്നം ഒരുക്കുന്ന പുതിയ ചിത്രമായ കെ എച്ച് 234 ൽ നയൻതാര നായികയായി എത്തുമെന്നാണ് ലഭിക്കുന്ന വിവരം.
നിലവിൽ അതിനുളള ചർച്ചകൾ നടന്നുകൊണ്ടിരിക്കുകയാണ്. പുതിയ ചിത്രത്തിൽ നായികയാകുന്നതിന് താരത്തിന് ലഭിക്കുന്ന പ്രതിഫലം പന്ത്രണ്ട് കോടിയായിരിക്കും. നയൻതാരയുടെ ജവാൻ, ഇരൈവൻ തുടങ്ങിയ ചിത്രങ്ങൾ ബോക്സോഫീസിൽ വൻഹിറ്റുകളായിരുന്നു. ഇതോടെയാണ് താരം പ്രതിഫലം വർദ്ധിപ്പിച്ചതെന്നും റിപ്പോർട്ടുകളുണ്ട്.
രണ്ട് ചിത്രങ്ങളിൽ നിന്നും നയൻതാരയ്ക്ക് ലഭിച്ചത് പത്ത് കോടി രൂപ വീതമാണ്. കഴിഞ്ഞ വർഷം റിലീസ് ചെയ്ത തമിഴ് ചിത്രം കണക്ടിന് താരം കൈപ്പറ്റിയത് എട്ട് കോടി രൂപയാണ്. 2016ൽ പുറത്തിറങ്ങിയ ബാബു ബംഗാരം എന്ന തെലുങ്ക് ചിത്രത്തിന് നയൻതാരയ്ക്ക് ലഭിച്ച പ്രതിഫലത്തിന്റെ ആറിരട്ടിയാണ് ഇപ്പോഴത്തെ പ്രതിഫലം.
കഴിഞ്ഞ ദിവസമാണ് കെഎച്ച് 234ന്റെ ഔദ്യോഗികമായ പ്രഖ്യാപനം നടന്നത്. ചിത്രത്തിൽ നായികയായി സാമന്ത, തൃഷാ കൃഷ്ണൻ, സായ് പല്ലവി തുടങ്ങിയവരെ നായികയാക്കുന്നതിൽ ചർച്ചകൾ നടന്നിരുന്നു. ഒടുവിൽ നയൻതാരയെയാണ് നായികയാക്കാൻ തീരുമാനിച്ചിരിക്കുന്നതെന്നാണ് വിവരം. കഴിഞ്ഞ മാസം തിയേറ്ററുകളിൽ എത്തിയ ജവാൻ ബോക്സോഫീസിൽ നേടിയത് 1146 കോടിയിലധികമാണ്.
രാജ് കമൽ ഫിലിംസ് ഇന്റർനാഷണൽ, മദ്രാസ് ടാക്കീസ്, റെഡ് ജയന്റ് മൂവീസ് എന്നിവയുടെ ബാനറിൽ കമൽഹാസൻ, മണിരത്നം, ആർ മഹേന്ദ്രൻ, ശിവ അനന്ത് എന്നിവരാണ് കെഎച്ച് 234 ന്റെ നിർമ്മാണം. മണിരത്നത്തിന്റെ ഹിറ്റുകളായ 'കന്നത്തിൽ മുത്തമിട്ടാൽ', 'ആയുധ എഴുത്ത്' തുടങ്ങിയ ചിത്രങ്ങളുടെ ഛായാഗ്രാഹകൻ രവി കെ ചന്ദ്രനാണ് 'കെഎച്ച്234' ന്റെ ക്യാമറ കൈകാര്യം ചെയ്യുന്നത്.
അൻപറിവ് മാസ്റ്റേഴ്‌സാണ് ആക്ഷൻ കൊറിയോഗ്രാഫറായി ചെയ്യുക. ചിത്രത്തിന്റെ പ്രൊഡക്ഷൻ ഡിസൈനറായി ശർമ്മിഷ്ഠ റോയിയും കോസ്റ്റ്യൂം ഡിസൈനറായി ഏകാ ലഖാനിയുമാണ് പ്രവൃത്തിക്കുന്നത്. ഉടൻ തന്നെ ചിത്രത്തിന്റെ പേര് പ്രഖ്യാപിക്കുമെന്നാണ് വിവരം.