പാർട്ടി പരിപാടിയിൽ പങ്കെടുത്തില്ല, ധനുവച്ചപുരത്ത് വിദ്യാർത്ഥിയെ എബിവിപി പ്രവർത്തകർ വിവസ്ത്രനാക്കി മർദ്ദിച്ചു

Saturday 28 October 2023 4:19 PM IST

തിരുവനന്തപുരം: ധനുവച്ചപുരം കോളേജിൽ വിദ്യാർത്ഥിയെ എബിവിപി പ്രവർത്തകർ ക്രൂരമായി മർദ്ദിച്ചെന്ന് പരാതി. കോളേജിലെ ഒന്നാം വർഷ ബി എ വിദ്യാർത്ഥിയായ ബി ആർ നീരജിനാണ് മർദ്ദനമേ​റ്റത്. കഴിഞ്ഞ വ്യാഴാഴ്ചയായിരുന്നു സംഭവം. വിദ്യാർത്ഥിയെ വിവസ്ത്രനാക്കി ജനനേന്ദ്രിയത്തിൽ ചവിട്ടിയതായും പരാതിയിൽ പറയുന്നു.

മർദ്ദനത്തെ തുടർന്ന് നീരജ് ആശുപത്രിയിൽ ചികിത്സ തേടുകയായിരുന്നു. പാർട്ടിയുടെ പരിപാടിയിൽ നീരജ് പങ്കെടുക്കാത്തതാണ് മർദ്ദനത്തിന് കാരണമായതെന്നാണ് ലഭിക്കുന്ന വിവരം.വ്യാഴാഴ്ച ഉച്ചക്ക് രണ്ടരയോടെ കോളജിനുള്ളിൽ വച്ച് എബിവിപി പ്രവർത്തകരായ സീനിയർ വിദ്യാർത്ഥികൾ നീരജിനെ ക്രൂരമായി മർദ്ദിക്കുകയായിരുന്നു.

സംഭവത്തെക്കുറിച്ച് പൊലീസിൽ പരാതിപ്പെട്ടാൽ സ്ത്രീ പീഡന കേസിൽ ഉൾപ്പെടുത്തുമെന്നും പ്രവർത്തകർ ഭീഷണിപ്പെടുത്തിയതായി നീരജ് പറഞ്ഞു. കാലിനും കഴുത്തിനും ഉൾപ്പെടെ പരിക്കേറ്റ നീരജ് വീട്ടിൽ കിടപ്പിലാണ്. നീരജിന്റെ കുടുംബം പാറശാല പൊലീസിൽ പരാതി നൽകിയതോടെയാണ് സംഭവം പുറത്തറിഞ്ഞത്.