'ഫ്രണ്ട്സ്' താരം മാത്യു പെറി അന്തരിച്ചു; വിടവാങ്ങിയത് ഒരു ദശാബ്‌‌ദക്കാലം ആരാധകരെ ചിരിപ്പിച്ച 'ചാൻഡ്‌‌ലർ ബിംഗ്'

Sunday 29 October 2023 7:06 AM IST

ലോസ് ആഞ്ചലസ്: സൂപ്പർഹിറ്റ് സിറ്റ്‌കോം പരമ്പരയായ 'ഫ്രണ്ട്‌സിന്റെ' പ്രധാന കഥാപാത്രങ്ങളിലൊന്ന് അവതരിപ്പിച്ച മാത്യു പെറി അന്തരിച്ചതായി റിപ്പോർട്ട്. 54 വയസായിരുന്നു. ലോസ് ആ‌ഞ്ചലസിലെ വീട്ടിൽ ഇന്നലെ താരത്തെ മരിച്ച നിലയിൽ കണ്ടെത്തുകയായിരുവെന്ന് അന്താരാഷ്ട്ര മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

വീട്ടിലെ കുളിമുറിയിൽ ഹോട്ട് ടബ്ബിലാണ് മാത്യു പെറിയെ മരിച്ച നിലയിൽ കണ്ടെത്തിയത്. എൻ ബി സിയുടെ സൂപ്പർഹിറ്റ് കോമഡി പരമ്പരയായ ഫ്രണ്ട്‌സിൽ 'ചാൻ‌ഡ്‌ലർ ബിംഗ്' എന്ന കഥാപാത്രത്തെയാണ് മാത്യു അവതരിപ്പിച്ചത്. 1994 മുതൽ 2004വരെ പ്രദർശനം തുടർന്ന പരിപാടിക്ക് പത്ത് സീസണുകളായിരുന്നു ഉണ്ടായിരുന്നത്.

വേദനസംഹാരികൾക്കും മദ്യത്തിനും അടിമയായിരുന്നു മാത്യുവെന്നാണ് റിപ്പോർട്ട്. പലതവണ ചികിത്സതേടുകയും ചെയ്തിരുന്നു. ഫ്രണ്ട്‌സിന്റെ ചിത്രീകരണ സമയത്ത് കടുത്ത ഉത്‌കണ്ഠ അനുഭവിച്ചിരുന്നതായി അടുത്തിടെ നടന്ന താരങ്ങളുടെ ഒത്തുച്ചേരലിൽ അദ്ദേഹം വെളിപ്പെടുത്തിയിരുന്നു. ഫ്രണ്ട്‌സിന് പുറമേ ഫൂൾസ് റഷ് ഇൻ, ദി വോൾ നയൺ യാർഡ്‌സ് തുടങ്ങിയ സിനിമകളിലും മാത്യു പെറി വേഷമിട്ടിരുന്നു. അവിവാഹിതനായിരുന്നു,