വെടിനിറുത്തൽ പ്രമേയം: വോട്ടെടുപ്പിൽ നിന്ന് ഇന്ത്യ വിട്ടുനിന്നത് ലജ്ജാവഹം; വിമർശനവുമായി പ്രതിപക്ഷം
ന്യൂഡൽഹി: ഗാസയിൽ വെടിനിറുത്തൽ ആവശ്യപ്പെടുന്ന യുഎൻ പ്രമേയത്തിൽ നിന്ന് ഇന്ത്യ വിട്ടുനിന്നതിനെ രൂക്ഷമായി വിമർശിച്ച് കോൺഗ്രസും ഇടത് കക്ഷികളും. യു എനിലെ ഇന്ത്യയുടെ നിലപാട് ഞെട്ടിപ്പിക്കുകയും ലജ്ജിപ്പിക്കുകയും ചെയ്‌തെന്ന് കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി പ്രതികരിച്ചു. സോഷ്യൽ മീഡിയയിലൂടെയായിരുന്നു പ്രതികരണം.
‘അഹിംസയിലും സത്യത്തിലും കെട്ടിപ്പടുത്തതാണ് നമ്മുടെ രാജ്യം. വെള്ളവും ഭക്ഷണവും മരുന്നും എത്തിക്കാതെ ഗാസയിലെ ജനങ്ങളെ ഇല്ലായ്മ ചെയ്യുന്നതിനെതിരെ നിലപാടെടുക്കാൻ വിസമ്മതിക്കുന്നത് രാഷ്ട്രമെന്ന നിലയിൽ നാം ഇത്രകാലവും നിലകൊണ്ട എല്ലാറ്റിനും എതിരാണ്' പ്രിയങ്ക പറഞ്ഞു. അതേസമയം, പ്രിയങ്കയുടെ വിമർശനത്തിന് മറുപടിയുമായി ബിജെപിയും രംഗത്തെത്തി. ഇന്ത്യ ഒരിക്കലും ഭീകരതയുടെ പക്ഷത്തുനിൽക്കില്ലെന്ന് ലജ്ജയും ഞെട്ടലുമുള്ളവർ മനസ്സിലാക്കണമെന്ന് മുതിർന്ന ബിജെപി നേതാവ് മുക്തർ അബ്ബാസ് നഖ്‌വി പ്രതികരിച്ചു.
യുഎസ് സാമ്രാജ്യത്വത്തിനു കീഴടങ്ങി ഇന്ത്യ വിദേശനയത്തെ മാറ്റിയെഴുതുന്നത് ഞെട്ടലുണ്ടാക്കുന്നുവെന്ന് സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയും സിപിഐ ജനറൽ സെക്രട്ടറി ഡി. രാജയും പ്രതികരിച്ചിരുന്നു. പാലസ്തീൻ വിഷയത്തിൽ കേന്ദ്ര സർക്കാരിന് ആശയക്കുഴപ്പമുണ്ടെന്ന് എൻസിപി അദ്ധ്യക്ഷൻ ശരദ് പവാർ പറഞ്ഞു. മുൻ സർക്കാരുകളിൽ ഇത്തരമൊരു പ്രതിസന്ധി താൻ കണ്ടിട്ടില്ലെന്നും ഇതേവരെ പാലസ്തീനെ പിന്തുണയ്ക്കുന്നതായിരുന്നു ഇന്ത്യയുടെ നയമെന്നും അദ്ദേഹം വ്യക്തമാക്കി.